പറവൂർ: ദേശീയപാത 66ൽ നടക്കുന്ന അശാസ്ത്രീയ നിർമ്മാണത്തെക്കുറിച്ച് പെരുമ്പടന്ന ജനകീയ വികസന സംരക്ഷണ സമിതിയുടെ പരാതിയിൽ ജില്ല കളക്ടർ ജി. പ്രിയങ്ക സ്ഥലത്തെത്തി പരിശോധന നടത്തി. പറവൂരിന്റെ ഹൃദയഭാഗത്ത് വേണ്ട എക്സിറ്റും എൻട്രിയും പറവൂർ പുഴക്കരികിലെ യുടേണും സ്ഥാപിക്കാതെ നടക്കുന്ന നിർമ്മാണം തടഞ്ഞ ശേഷമാണ് കളക്ടറെ സമര സമിതി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയത്. ഇന്ത്യൻ റോഡ് കോൺഗ്രസ് ഗൈഡ് ലൈൻ പ്രകാരം സ്ഥാപിക്കേണ്ടവ പരിഗണിച്ച് മാത്രമേ നിർമ്മാണം സാദ്ധ്യമാക്കൂ എന്ന ആവശ്യം പരിഗണിക്കാമെന്ന് കളക്ടർ വ്യക്തമാക്കി. രണ്ട് ദിവസത്തിനുള്ളിൽ ടെക്നിക്കൽ മീറ്റിംഗ് ഒരുക്കാമെന്നും അതുവരെ പ്രദേശത്ത് നിർമ്മാണം നടത്തരുതെന്നും കളക്ടർ ഉത്തരവിട്ടു. പറവൂരിന്റെ മുഖ്യകവാടം പെരുമ്പടന്നയിൽ സ്ഥാപിക്കാനും അടഞ്ഞുപോകുന്ന ചക്കരകടവ് റോഡ്, ഇൻഫന്റ് ജീസസ് റോഡ് എന്നിവിടങ്ങളിൽ ചെറുഅടിപാത വേണമെന്ന് ആവശ്യപ്പെട്ടാണ് സമര സമിതി കഴിഞ്ഞ 350 ദിനങ്ങളായി സമരം നടത്തിവരുന്നത്. ജില്ലാ കളക്ടറോടെപ്പം പ്രോജക്ട് ഡയറക്ടർ പ്രദീപ്, നഗരസഭാ ചെയർമാൻ രമേശ് ഡി. കുറുപ്പ് എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |