
മുണ്ടക്കയം : മുണ്ടക്കയം - കോരുത്തോട് പാതയിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ തേക്കിൻ കൂപ്പിൽ ഏകദേശം 14 വയസ് പ്രായമുള്ള കാട്ടുപോത്തിന്റെ ജഡം കണ്ടെത്തി. ഇന്നലെ രാവിലെ പ്രഭാത നടത്തത്തിന് പോയ പ്രദേശവാസികളാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ച്. കാട്ടുപോത്തിന്റെ ശരീരത്തെ മുറിവുകൾ നായാട്ട് സംഘത്തിന്റെ വെടിയേറ്റതാണോയെന്ന സംശയം ആദ്യമുണ്ടായിരുന്നു. പരിശോധനയിൽ പോത്തുകൾ തമ്മിലുള്ള ഏറ്റുമുട്ടലിലുണ്ടായ പരിക്കാണെന്നും, ഇതിന് ഏറെ പഴക്കമുണ്ടെന്നും എരുമേലി റേഞ്ച് ഓഫീസർ കെ. ഹരിലാൽ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ പുറകിൽ പോത്തുകൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെ ലക്ഷണങ്ങളുണ്ട്. തേക്കടിയിൽ നിന്ന് വനംവകുപ്പ് ഡോക്ടർ എത്തി പോസ്റ്റുമോർട്ട നടപടികൾ പൂർത്തീകരിച്ച് ജഡം സംസ്കരിച്ചു. പോസ്റ്റുമോർട്ട റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ വ്യക്തത വരൂ.
റോഡിന് നടുവിൽ നിലയുറപ്പിച്ച്
ശബരിമല തീർത്ഥാടകർ കടന്നുപോകുന്ന മുണ്ടക്കയം - കോരുത്തോട് പാതയിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്. പകൽ സമയങ്ങളിൽ പോലും റോഡിൽ കാട്ടുപോത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ ഇതുവഴിയുള്ള യാത്രക്കാർ ഭീതിയിലാണ്. ആഴ്ചകൾക്ക് മുൻപ് തീർത്ഥാടക വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തിരുന്നു. ഉൾക്കാടുകളിൽ നിന്ന് എസ്റ്റേറ്റിന് സമീപമുള്ള തോട്ടിലേക്ക് വെള്ളം കുടിക്കാൻ എത്തുന്നതാണ് കാട്ടുപോത്തുകൾ. ആളുകളെ ആക്രമിക്കാനുള്ള സാദ്ധ്യതയുമേറെയാണ്. വാഹനങ്ങളുടെ മുന്നിലേക്ക് ചാടുന്നതും പതിവാണ്. യാത്രക്കാർ കരുതലോടെ ഇതുവഴി സഞ്ചരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
''നിലവിൽ പോത്തിന് വെടിയേറ്റിട്ടില്ല. പ്രായത്തോടൊപ്പം ശരീരത്തെ മുറിവുകളും മരണകാരണമായി. മേഖലയിൽ പരിശോധന നടത്തും.
-കെ. ഹരിലാൽ, എരുമേലി റേഞ്ച് ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |