
ന്യൂഡൽഹി: ഓൾഡ് ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിനു അടുത്ത സയിദ് ഫായിസ് ഇലാഹി മസ്‌ജിദ് പരിസരത്തെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് 7ൽപ്പരം ബുൾഡോസറുകൾ മേഖലയിലെത്തി നടപടി തുടങ്ങിയത്. ഇതിനിടെ പൊളിച്ചുനീക്കൽ തടയാൻ തടിച്ചുകൂടിയവരും പൊലീസുമായി സംഘർഷമുണ്ടായി. കല്ലേറിൽ 5 പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ 5 പേരെ അറസ്റ്റു ചെയ്‌തു.
അതേസമയം,നടപ്പാക്കിയത് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവെന്ന് മുനിസിപ്പൽ കോർപറേഷൻ ഒഫ് ഡൽഹി (എം.സി.ഡി) അധികൃതർ വ്യക്തമാക്കി. തുർക്ക്മാൻ ഗേറ്റിനു സമീപത്തെ 38,940 ചതുരശ്ര അടി അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാൻ കഴിഞ്ഞ നവംബർ 12ന് ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. പൊളിച്ചുനീക്കുന്നതിന് മുന്നോടിയായുള്ള നടപടികൾക്കും എം.സി.ഡി തുടക്കമിട്ടെങ്കിലും മസ്‌ജിദ് ഭരണസമിതി ഇതിനതിരെ സമർപ്പിച്ച ഹർജി ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. എം.സി.ഡി,നഗരവികസന മന്ത്രാലയം,ഡൽഹി വഖഫ് ബോർഡ് എന്നിവരുടെ നിലപാട് തേടി. ഏപ്രിൽ 22ന് വിഷയം പരിശോധിക്കാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും പൊളിക്കലിന് സ്റ്രേ അനുവദിച്ചില്ല.
മണിക്കൂറുക്കൾക്കകമാണ് മുനിസിപ്പൽ അധികൃതർ പൊലീസ് സന്നാഹത്തോടൊപ്പം മേഖലയിലെത്തി പൊളിച്ചുനീക്കൽ തുടങ്ങിയത്. അവിടുത്തെ മർകസ് കോംപ്ലക്‌സ്,വിവാഹ ഹാൾ,ഡയാലിസിസ് സെന്റർ എന്നിവ ഉൾപ്പെടെ തരിപ്പണമാക്കി. ചെങ്കോട്ടയ്‌ക്കു സമീപം പൊട്ടിച്ചിതറിയ ഭീകരൻ ഡോ. ഉമർ നബി സ്‌ഫോടനത്തിനു മുൻപ് ഇതേ മസ്ജിദിലെത്തിയിരുന്നു. ഇതു സംബന്ധിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സ്ഥിതി ശാന്തം
മേഖലയിൽ സ്ഥിതി ശാന്തമാണ്. വൻ പൊലീസ് സന്നാഹം തുടരുന്നു. കേന്ദ്ര സേനയെയും രംഗത്തിറക്കിയിട്ടുണ്ട്. അതേസമയം,അവശിഷ്‌ടങ്ങൾ നീക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രദേശവാസികളെ മേഖലയിൽ ഇറങ്ങി നടക്കാൻ അനുവദിച്ചിട്ടില്ല. സി.സി.ടി.വി അടക്കം പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്ന് ഡൽഹി സെൻട്രൽ ഡിസ്ട്രിക്ട് ഡി.സി.പി മലയാളിയായ നിധിൻ വൽസൻ പറഞ്ഞു.
രാഷ്ട്രീയ വാക്പോര്
ക്ലീൻ ഡൽഹി എന്ന ലക്ഷ്യത്തിനായി അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുക തന്നെ ചെയ്യുമെന്ന് മേയറും ബി.ജെ.പി നേതാവുമായ രാജാ ഇഖ്ബാൽ സിംഗ് പ്രതികരിച്ചു. ജനങ്ങളെ ഭവനരഹിതരാക്കാനല്ല, പുനരധിവാസം നൽകാനാണ് ഡൽഹി സർക്കാർ ശ്രമിക്കേണ്ടതെന്ന് ആംആദ്മി പാർട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |