
പത്തനംതിട്ട : പുതിയ ജില്ലാ ജയിൽ കെട്ടിടത്തിന്റെ നിർമ്മാണം ഇഴയുന്നു. പുതിയ കെട്ടിടം നിർമ്മിക്കാൻ 2018 ൽ പത്തനംതിട്ട കണ്ണങ്കരയിലെ പഴയ ജില്ലാ ജയിലിന്റെ പ്രവർത്തനം നിറുത്തിയിരുന്നു. അതിനുശേഷം റിമാൻഡ് പ്രതികളെ സമീപ പ്രദേശങ്ങളിലെ ജയിലുകളിലേക്കാണ് കൊണ്ടുപോകുന്നത്. ഇവരെക്കൂടി ഉൾപ്പെടുത്തേണ്ടി വരുന്നത് ആ ജയിലുകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇപ്പോൾ കൊല്ലം ജില്ലാ ജയിൽ ,തിരുവനന്തപുരം, കൊട്ടാരക്കര, അട്ടകുളങ്ങര, മാവേലിക്കര, സബ് ജയിലുകൾ എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്നുള്ളവരെ കൊണ്ടുപോകുന്നത്. ദൂരം കാരണം ജയിലിലേക്കും കോടതിയിലേക്കും പ്രതികളെ കൊണ്ടുപോകുന്നത് ഉദ്യോഗസ്ഥരെ വലയ്ക്കുന്നുണ്ട്. പൊലീസ് വാഹനങ്ങളുടെ അഭാവത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ പോലും പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകാറുണ്ട്. കഴിഞ്ഞ ദിവസം കോയിപ്രം സ്റ്റേഷനിൽ നിന്ന് കൊട്ടാരക്കര ജയിലിലേക്ക് റിമാൻഡ് പ്രതികളുമായി പോയ പൊലീസ് ജീപ്പ് അടൂരിൽ അപകടത്തിൽപ്പെട്ടിരുന്നു.
2019ലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയത്. പലതതവണ മുടങ്ങി. പാറ നിറഞ്ഞ പ്രദേശമായതിനാൽ സെപ്ടിക്ക് ടാങ്കുകൾ സ്ഥാപിക്കാനുള്ള ബുദ്ധിമുട്ട് ഉൾപ്പെടെ തടസങ്ങൾ പലതുണ്ടായി. ആധുനിക രീതിയിൽ സെപ്ടിക്ക് ടാങ്ക് നിർമ്മിക്കാനുള്ള അനുമതി ലഭിച്ചതോടെയാണ് നിർമ്മാണം വീണ്ടും തുടങ്ങിയത്. പി.ഡബ്ല്യൂ.ഡി ബിൽഡിംഗ്‌സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ഒന്നാംഘട്ട നിർമ്മാണത്തിൽ മൂന്നാമത്തെ ബ്ലോക്കും രണ്ടാം ഘട്ട നിർമ്മാണത്തിൽ ഒന്നും രണ്ടും ബ്ലോക്കുകളും ഉൾപ്പെടും. മൂന്നാമത്തെ ബ്ലോക്കിലായിരിക്കും പ്രധാന ഓഫീസുകൾ . അടുത്തമാസം നിർമ്മാണ കാലാവധി അവസാനിക്കും.
180 തടവുകാരെ പാർപ്പിക്കാം
ജില്ലയിലെ 23 സ്റ്റേഷനുകളിൽ നിന്നുള്ള റിമാൻഡ് പ്രതികളെയാണ് ജില്ലാ ജയിലിൽ പാർപ്പിക്കുക. പുതിയ ജയിലിൽ ഒരേ സമയം 180 തടവുകാർക്ക് കഴിയാം. ചതുരാകൃതിയിൽ മൂന്ന് ബ്ലോക്കുകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ആദ്യത്തെ ബ്ലോക്കിൽ രണ്ട് നിലയും ബാക്കി രണ്ട് ബ്ലോക്കുകൾ മൂന്ന് നിലകളിലുമാണ്. താഴത്തെനില പൂർണമായും ജയിലിന് ഉപയോഗിക്കും. മറ്റ് നിലകളിൽ ഓഫീസും അനുബന്ധ സൗകര്യങ്ങളും ഇരട്ടസെല്ലുകളും ഉണ്ടാകും.. മൂന്നുനിലകളിലായി 19 ഇരട്ടസെല്ലും 17 സിംഗിൾ സെല്ലുമാണുള്ളത്. ഒരു ഇരട്ട സെല്ലിൽ പത്തുപേരെയും ഒരു സിംഗിൾ സെല്ലിൽ അഞ്ചുപേരേയും പാർപ്പിക്കാം
► കെട്ടിടം : 82 സെന്റിൽ,
► വിസ്തീർണം : 5269 സ്‌ക്വയർ മീറ്റർ.
► ഒന്നാംനിലയ്ക്ക് ചെലവായത് 5.5 കോടി
രണ്ടും മൂന്നും നിലകൾക്ക് 12.5 കോടി
---------------------------------
കരാർ പുതുക്കി പണി വേഗത്തിൽ പൂർത്തികരിക്കാനാണ് ശ്രമിക്കുന്നത്.
പി.ഡബ്ല്യു.ഡി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |