
കോന്നി : കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ അച്ചൻകോവിലാറ്റിലെ ചിറ്റൂർ കടവ് പാലം പൂർത്തിയാകാൻ വഴിയൊരുങ്ങുന്നു. തൂണുകളിൽ മാത്രമൊതുങ്ങിയ പാലത്തിന്റെ പണി ഫെബ്രുവരി രണ്ടാംവാരം തുടങ്ങുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പരിസ്ഥിതി ആഘാത പഠനസംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തി.
ചിറ്റൂർ മുക്കിനെയും അട്ടച്ചാക്കലിനെയും ബന്ധിപ്പിക്കുന്നതാണ് പാലം.
മലയാലപ്പുഴ, സീതത്തോട്, തണ്ണിത്തോട്, ഗവി പ്രദേശങ്ങളിലേക്കുള്ള ഗതാഗതം പാലം വരുന്നതോടെ സുഗമമാകും. ചിറ്റൂർ ജംഗ്ഷനിൽ നിന്ന് ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ,വടശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും യാത്രാ സൗകര്യം മെച്ചപ്പെടും. മൂവാറ്റുപുഴ -പുനലൂർ സംസ്ഥാന പാതയെയും കോന്നി -വെട്ടൂർ -കുമ്പഴ പാതയെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് പാലം നിർമ്മിക്കുന്നത്. നദിയിൽ അഞ്ച് സ്പാനും കരയിൽ എട്ട് സ്പാനും ഉൾപ്പെടെ 232.15 മീറ്റർ നീളം ഉണ്ടാകും. ഇരുവശങ്ങളിലും 1.5 മീറ്റർ നടപ്പാത ഉൾപ്പെടെ മൊത്തം വീതി 11 മീറ്ററാണ്. അപ്രോച്ച് റോഡ് 240 മീറ്ററിലും നിർമ്മിക്കും. എല്ലാ വലിയ വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയും. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിനാണ് നിർവഹണ ചുമതല. പാലം നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവ് ഇറക്കിയിട്ടുണ്ട്.
പഴയ തൂണുകൾ മാറ്റും
-----------------
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് ഇവിടെ ചെറിയ പാലം നിർമ്മാണം തുടങ്ങിയിരുന്നെങ്കിലും ജില്ലാ നിർമ്മിതി കേന്ദ്രത്തിന് സാങ്കേതിക പരിജ്ഞാനം ഇല്ലാതിരുന്നതിനാൽ പാതിവഴിയിൽ മുടങ്ങി. പിന്നീട് കരാർ നൽകി തൂണുകൾ സ്ഥാപിച്ചെങ്കിലും കരാറുകാരന് പണം ലഭിക്കാതായതോടെ കോടതി വ്യവഹാരത്തിലേക്ക് എത്തി. തുടർന്ന് പണി നടന്നില്ല. പിന്നീട് ജനീഷ് കുമാർ എം. എൽ. എ പാലം പണിക്ക് ഒരു കോടി രൂപ അനുവദിച്ചെങ്കിലും നിലവിലെ തൂണുകൾ സുരക്ഷിതമല്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇൗ തൂണുകൾ മാറ്റിയാകും പുതിയ പാലം പണിയുക.
12 കോടി ചെലവ്
232.15 മീറ്റർ നീളം
11 മീറ്റർ വീതി
" കോന്നിയിലെ പൊതുസമൂഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് പാലം നിർമ്മാണത്തിലൂടെ യാഥാർത്ഥ്യമാകുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കും."
അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |