
പറക്കോട് : അജ്ഞാത രോഗം ബാധിച്ച് പറക്കോട്ട് തെരുവുനായ്ക്കൾ ചത്തുവീഴുന്നു. നാട്ടിൽ പെരുകിയ തെരുവുനായ്ക്കൾക്ക് പിടിപെട്ട രോഗത്തിന്റെ പ്രത്യാഘാതമെന്തെന്ന ആശങ്കയിലാണ് നാട്ടുകാർ. നായ്ക്കൾ ചത്തുകിടക്കുന്നതും അവശനിലയിൽ കാണപ്പെടുന്നതും പതിവായതോടെ നഗരസഭയിലെ വെറ്ററിനറി വിഭാഗത്തിൽ വിവരം അറിയിച്ചെന്ന് നാട്ടുകാർ പറഞ്ഞു. പക്ഷേ അധികൃതർ തിരിഞ്ഞുനോക്കിയില്ല. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അനന്തരാമപുരം വാർഡ് കൗൺസിലറും സിപിഎം നേതാവുമായ അഡ്വ. ജോസ് കളീക്കൽ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിക്കും മൃഗ സംരക്ഷണമന്ത്രിക്കും പരാതി നൽകി. അടുത്ത കാലത്തായി തെരുവുനായ്ക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് പറക്കോട് പ്രദേശത്തുണ്ടായത്. ഇറച്ചി, മത്സ്യ വ്യാപാരമുൾപ്പടെയുള്ള അനന്തരാമപുരം ചന്തയുടെ ഭാഗത്താണ് ഏറ്റവും കൂടുതൽ തെരുവുനായ്ക്കൾ .ജില്ലയിലെതന്നെ പ്രധാന മലഞ്ചരക്ക് വ്യാപാരം നടക്കുന്നത് അനന്തരാമപുരം ചന്തയിലാണ്. ധാരാളമാളുകൾ ഇവിടെ വന്നുപോകുന്നുണ്ട് .നായ്ക്കൾക്കുണ്ടായ രോഗം മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുമോ എന്ന പേടിയിലാണ് ജനം. തുടക്കത്തിൽത്തന്നെ പ്രതിവിധി കണ്ടില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. നായ്ക്കളെ ബാധിച്ചിരിക്കുന്നത് സാംക്രമിക രോഗമാണെങ്കിൽ ജനത്തിരക്കുള്ള സ്ഥലത്തെ നായ്ക്കളുടെ ഒത്തുചേരൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ് .
രോഗകാരണം അവ്യക്തം
നായ്ക്കളുടെ രോമം വലിയ തോതിൽ കൊഴിയുന്നതാണ് ആദ്യ ലക്ഷണം. തുടർന്ന് അവശനിലയിലായി വഴിയോരത്തും മറ്റും കിടപ്പിലാകും. കുറേ ദിവസങ്ങൾക്ക് ശേഷമാണ് മരണം. നാട്ടിൽ തെരുവുനായ്ക്കൾ ഏറെയുണ്ട്. ജനത്തിരക്കുള്ള ഭാഗങ്ങളിലാണ് ഇവയുടെ താവളം.
---------------------
അനന്തരാമപുരം മാർക്കറ്റിനു സമീപം നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. അജ്ഞാത രോഗത്തിന്റെ ഉറവിടം ഉടൻ കണ്ടെത്തണം. .ആരോഗ്യമന്ത്രിയുടെ ഇടപെടലിനായി കാക്കുകയാണ് .ജാഗ്രതയോടെയാണ് വിഷയത്തെ സമീപിച്ചിട്ടുള്ളത്
അഡ്വ ജോസ് കളീക്കൽ
കൗൺസിലർ, അടൂർ നഗരസഭ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |