മുംബയ്: തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ അമർത്തുന്നത് പാകിസ്ഥാനിൽ അണുബോംബ് ഇടുന്നതിന് തുല്യമാണെന്ന് ബി.ജെ.പി നേതാവും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. താനെയിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു കേശവ് പ്രസാദിന്റെ പ്രസ്താവന.
'താമര ചിഹ്നത്തിൽ ജനം വോട്ട് ചെയ്യുന്നതിന് അർത്ഥം ഒരു അണുബോംബ് പാകിസ്ഥാനിൽ വീണുവെന്നാണ്. അതുകൊണ്ട് ബി.ജെ.പിക്ക് വോട്ട് ചെയ്യൂ, അതുവഴി നമ്മുടെ പാർട്ടിയെ മഹാരാഷ്ട്രയിൽ വീണ്ടും അധികാരത്തിലെത്തിക്കൂ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉറപ്പായും താമര വിരിയുമെന്നാണ് എന്റെ ഉറച്ചവിശ്വാസം'-അദ്ദേഹം പറഞ്ഞു. 'ലക്ഷ്മീദേവീ കൈയിലോ, സൈക്കിളിലോ വാച്ചിലോ ഇരിക്കില്ല, മറിച്ച് താമരയിലാണ് ഇരിക്കുക. മറ്റു പാർട്ടി ചിഹ്നങ്ങളെ ലക്ഷ്യം വച്ചാണ് മൗര്യ ഇക്കാര്യം വ്യക്തമാക്കിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് താമര കാരണമാണെന്നും താമര വികസനത്തിന്റെ ചിഹ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ താമര ഇനിയും വിരിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 24ന് വോട്ടെണ്ണും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |