
കളമശേരി: സിവിൽ എൻജിനിയറിംഗ്, കഥകളി, ഗണിതശാസ്ത്രം, വാസ്തുവിദ്യ, ഗ്രന്ഥരചന തുടങ്ങി വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. രാജശേഖർ പി. വൈക്കത്തിനെ സഹപാഠികളും സുഹൃത്തുക്കളും ചേർന്ന് ആദരിക്കുന്നു. ഫെബ്രുവരി 3ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലാണ് ചടങ്ങ്. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് 1981 ബാച്ചുകാരാണ് സംഘാടകർ. ഡോ. രാജശേഖർ രചിച്ച മോഹിനി വിജയം കഥകളിയുടെ അവതരണമാണ് പരിപാടിയുടെ ഹൈലൈറ്റ്. നാലുമണിക്ക് "ഉടൽ മൊഴി " യോടെയാണ് തുടക്കം. കഥകളി എങ്ങനെ അനായാസമാസ്വദിക്കാമെന്ന് പീശപ്പള്ളി രാജീവൻ നയിക്കുന്ന പരിപാടിയുമുണ്ട്. അർജുന വിഷാദവൃത്തം ആട്ടക്കഥയും രാജശേഖറിന്റേതാണ്. 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജ്യേഷ്ഠദേവൻ എന്ന ഗണിത ശാസ്ത്രജ്ഞന്റെ ജീവിതവും പഠനങ്ങളും ഉൾപ്പെടുത്തി ജ്യേഷ്ഠദേവന്റെ യുക്തി ഭാഷ എന്ന ബ്രഹദ് ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
കുസാറ്റിൽ നിന്ന് എം.ടെക്, പി.എച്ച്.ഡിയും നേടിയ രാജശേഖർ ഫാക്ട് ഫെഡോയിലും വിദേശത്തും ജോലി ചെയ്തിട്ടുണ്ട്. കിറ്റ്കോയുടെ ടെക്നിക്കൽ അഡ്വൈസറായിരുന്നു, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ചീഫ് പ്രോജക്ട് മാനേജരായിരുന്നപ്പോൾ വിവിധ ടെർമിനലുകളിൽ മനോഹരമായ കഥകളി ഉൾപ്പടെയുള്ള വിവിധ കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്ന കലാങ്കണം, നവരസ ഗ്യാലറി തുടങ്ങിയവ രൂപകല്പനകൾ തയ്യാറാക്കി. ആറാട്ടുപുഴ ഇക്കോ ടൂറിസം പ്രൊജക്ടിന്റെ രൂപകല്പനയും ശ്രദ്ധയാകർഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |