
ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളം ക്ഷേത്രാവശ്യത്തിനും മദ്ധ്യവേനലവധിയിൽ വിദ്യാർത്ഥികൾക്ക് നിന്തൽ പരിശീലനത്തിനുമായി നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുളത്തിലെ ജലം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ആറ്റിങ്ങൽ നഗരസഭ ആരോഗ്യവിഭാഗം ക്ഷേത്രക്കുളത്തിന് സമീപം ബോർഡ് സ്ഥാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. മൂന്ന് ഏക്കറിലധികം വിസ്തൃതിയുള്ള ക്ഷേത്രക്കുളം 1992ലാണ് അവസാസാനമായി നവീകരിച്ചത്. നഗരാതിർത്തിയിൽ അമിബിക് മസ്തിഷ്കജ്വരവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കുളത്തിലെ ജലത്തിൽ കുളിക്കുന്നതും വസ്ത്രങ്ങൾ കഴുകുന്നതും ഉൾപ്പെടെയുള്ള എല്ലാ ഉപയോഗവും നഗരസഭ തടഞ്ഞത്.
കാർഷിക മേഖലയിലെ ജീവനാടിയാണീ ക്ഷേത്രക്കുളം. കുളത്തിലേക്ക് അധികമായെത്തുന്ന വെള്ളം പടിഞ്ഞാറുവശത്തെ തൂമ്പ് വഴി കരിച്ചിതോട്ടിലേക്ക് ഒഴുക്കിവിടുകയായിരുന്നു പതിവ്. മാസങ്ങളായി വെള്ളം ഒഴുക്കികളയാനില്ലാത്ത അവസ്ഥയാണ്.
നടപടി വൈകുന്നു
വേനൽ ആരംഭിച്ചതോടെ കുളത്തിലെ ജലനിരപ്പും താഴ്ന്നിട്ടുണ്ട്. കുളം നവീകരിക്കണമെന്നാവശ്യപ്പെട്ട് നവകേരളസദസിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം മൈനർ ഇറിഗേഷന് കൈമാറിയതായി മറുപടി വന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന വെള്ളം ആരോഗ്യകരമല്ലെന്നാണ് പൊതുവിലയിരുത്തൽ. ചുറ്റുമതിലോട് കൂടിയ കുളത്തിലിറങ്ങാൻ അഞ്ചിടങ്ങളിൽ പടിക്കെട്ടുകളും ഒരിടത്ത് പടിപ്പുരയും നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ നീന്തൽ പരിശീലനവും മുടങ്ങിയിട്ട് മാസങ്ങളായി.
ജില്ലയിലെ വലിപ്പമേറിയ ക്ഷേത്രക്കുളം
പണ്ടുകാലത്ത് ക്ഷേത്രക്കുളത്തിൽ നിന്ന് സമീപത്തെ പണ്ടാരക്കുളത്തിലേക്ക് വെള്ളം ഒഴുക്കിവിട്ട് ജല ക്രമീകരണം നടത്തിയിരുന്നു. തിരുവിതാംകൂർ രാജഭരണകാലത്ത് നിർമ്മിച്ചതും ജില്ലയിലെ വലിപ്പമേറിയ ക്ഷേത്രക്കുളവുമാണ് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |