
ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ അപകടങ്ങൾ തുടരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായി മുപ്പതോളം അപകടങ്ങളാണ് ദേശീയപാതയിൽ നടന്നത്. ഇതിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഏഴ് മരണങ്ങളും സംഭവസ്ഥലത്ത് മൂന്ന് മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
ബാലരാമപുരത്ത് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റസൽപുരം വേട്ടമംഗലം മഠവിളാകത്ത് പ്രിയഭവനിൽ വേണുഗോപാലൻ നായർ (62) മരണപ്പെട്ടതാണ് ഒടുവിലത്തേത്. പള്ളിച്ചലിൽ ഇസ്കോൺ ബ്രഹ്മോത്സവത്തിനെത്തിയ ഭക്തന് കാറിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റത് ഒരാഴ്ച മുമ്പാണ്. ഇസ്കോൺ മണ്ണുത്തി സെന്ററിലെ കൃഷ്ണഭക്തനായ രംഗസഖി ദേവിദാസനാണ് (ചിന്മയ ചൈതന്യപ്രഭു-76) ഗുരുതര പരിക്കേറ്റത്. മണ്ടക്കാട് ഉത്സവത്തിന് പോയി മടങ്ങവെ ചാല സ്വദേശി സ്വദേശി സുരേഷ്കുമാറിന്റെ(65) കാർ നിയന്ത്രണം തെറ്റി റോഡിന് സമീപം നിൽക്കുകയായിരുന്ന രംഗസഖിദേവിദാസനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മാസങ്ങൾക്കുമുമ്പ് നടന്ന അപകടത്തിൽ സ്ത്രീയുൾപ്പെടെ രണ്ട് പേരുടെ ജീവൻ പൊലിഞ്ഞിരുന്നു. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഉച്ചക്കട നെല്ലി പറമ്പിൽ ദ്വാരകയിൽ ഷൈനിയുടെ (39)മരണം ദാരുണമായിരുന്നു.
അപകടങ്ങൾ നിരവധി
കൊടിനടയ്ക്കു സമീപം നടന്ന അപകടത്തിൽ അമിത വേഗതയിലെത്തിയ കാർ ഓട്ടോയുടെ പിറകിലിടിച്ച് ഓട്ടോ യാത്രക്കാരനായ വഴുതൂർ കൂട്ടപ്പന ജയഭവനിൽ വിനീത് (40) മരണമടഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ വഴുതൂർ കൂട്ടപ്പന കോതച്ചൻവിള മേലേ പുത്തൻവീട്ടിൽ ജിഷ്ണുദേവ്(29)വിന്റെ മരണം മുടവൂർപ്പാറ ജംഗ്ഷന് സമീപമായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ബാലരാമപുരം ജംഗ്ഷനിൽ നെല്ലിമൂട് സ്റ്റെല്ലാമേരി എൽ.പി സ്കൂളിലെ ബസിന്റെ പിന്നിൽ മിനിലോറിയിടിച്ച് 13 വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവവുമുണ്ടായി.
മദ്യപിച്ചും ഓവർടേക്കിംഗും അമിതവേഗവും സിഗ്നൽ സംവിധാനങ്ങളുടെ അഭാവവും അപകടപരമ്പരകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ്.
പ്രാവച്ചമ്പലം ജംഗ്ഷനു സമീപം സിഗ്നൽ ലൈറ്റുകൾ മാസങ്ങളോളം തകരാറിലായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ദേശീയപാതയോരത്തെ അനധികൃത വാഹനപാർക്കിംഗും വാഹനങ്ങളുടെ അമിതവേഗതയും അപകടപരമ്പര വർദ്ധിക്കാൻ കാരണമാവുകയാണ്.
അനധികൃത പാർക്കിംഗും
ദേശീയപാതയിൽ മുടവൂർപ്പാറ, പള്ളിച്ചൽതോട്, നസ്രത്ത് ഹോംസ്കൂൾ,ബാലരാമപുരം ജംഗ്ഷൻ എന്നീ മേഖലകളിലാണ് കൂടുതലായി അപകടം സംഭവിക്കുന്നത്. ബാലരാമപുരം എസ്.ബി.ഐ ശാഖക്ക് സമീപം അനധികൃത പാർക്കിംഗ് കാരണം നടുറോഡിൽ ബസ് നിറുത്തുന്നത് മിക്കപ്പോഴും അപകടം സംഭവിക്കാൻ കാരണമാകുന്നുണ്ട്. ഇത്തരം പ്രദേശങ്ങളിൽ പൊലീസ് ശ്രദ്ധ കേന്ദ്രീകരിച്ച് അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |