SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.48 PM IST

നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നു; 137 കർഷകർ കുറഞ്ഞവിലയ്ക്ക് നെല്ല് വിറ്റു

Increase Font Size Decrease Font Size Print Page
paddy

ആലത്തൂർ: പാലക്കാട് ജില്ലയിൽ രണ്ടാം വിളനെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നു. കൊയ്ത്ത് കഴിഞ്ഞ് ഒരു മാസമായിട്ടും നെല്ല് സംഭരണം തുടങ്ങാത്തതിനാൽ കർഷകരിൽ പലരും കുറഞ്ഞ വിലയ്ക്ക് നെല്ല് പൊതുവിപണിയിൽ വിൽക്കാൻ നി‌ർബന്ധിതരാവുകയാണ്. കാരപ്പൊറ്റ പാടശേഖരത്തിലും ചേവക്കോട് പാടശേഖരത്തിലും കൊയ്ത്തുകഴിഞ്ഞ് ഒരു മാസമായിട്ടും സംഭരണം തുടങ്ങാത്തതിനെ തുടർന്ന് 137 കർഷകർ നെല്ല് കുറഞ്ഞ വിലയ്ക്കു വിറ്റു. കയറ്റുകൂലിയടക്കം കിലോഗ്രാമിന് 30.12 രൂപ സപ്ലൈകോ നൽകുമെങ്കിലും കർഷകർക്ക് 20 രൂപയ്ക്കാണ് സ്വകാര്യ മില്ലുകാർക്ക് നെല്ല് വിൽക്കേണ്ടി വന്നത്. ചാക്കിന് രണ്ടുകിലോഗ്രാം കുറയ്ക്കുകയും ചെയ്തതായി കാരപ്പൊറ്റ പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. ഇതുകൂടി കണക്കിലെടുത്താൽ ഒരു കിലോ നെല്ലിന് 19 രൂപയേ ലഭിച്ചുള്ളു. ഇങ്ങനെ വിറ്റ നെല്ലിന്റെ പണം ഒരുമാസത്തിന് ശേഷമേ സ്വകാര്യ മില്ലുകാർ നൽകുകയുള്ളൂവെന്നും കർഷകർ പറഞ്ഞു. സ്വകാര്യ മില്ലുകാർക്ക് വിറ്റാൽ മുമ്പ് ഒരാഴ്ചയ്ക്കുള്ളിൽ പണം ലഭിക്കുമായിരുന്നു. എന്നാൽ സപ്ലൈകോയ്ക്ക് കൊടുത്താലും പണം വൈകുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ മില്ലുകാർ കർഷകരുടെ നിസഹായത മുതലെടുക്കുകയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

കാരപ്പൊറ്റയിലും ചേവക്കോടുമായി 192 കർഷകരാണുള്ളത്. ശേഷിക്കുന്ന 55 കർഷകർ രണ്ടാംവിള നെല്ല് സംഭരണം തുടങ്ങുംവരെ നെല്ല് എങ്ങനെ സൂക്ഷിച്ചുവയ്ക്കുമെന്ന ആശങ്കയിലാണ്. ഡിസംബർ 20നാണ് കാരപ്പൊറ്റ, ചേവക്കോട് പാടശേഖരങ്ങളിൽ കൊയ്ത്ത് തുടങ്ങിയത്. സംഭരണം വൈകാതിരിക്കാൻ കൊയ്ത്ത് തുടങ്ങിയ സമയത്തുതന്നെ കർഷകർ കണ്ണമ്പ്ര കൃഷിഭവനിൽ വിവരമറിയിച്ചിരുന്നു. ഡിസംബർ അവസാനത്തോടെ 60 ശതമാനം കൊയ്ത്ത് കഴിഞ്ഞു. 50 ശതമാനം കൊയ്ത്ത് കഴിഞ്ഞാൽ നെല്ലുസംഭരണ നടപടിയുടെ ഭാഗമായി കൃഷിഭവനിൽ നിന്ന് സപ്ലൈകോയ്ക്ക് റിപ്പോർട്ട് നൽകണം. എന്നാൽ, ജീവനക്കാരുടെ കുറവിനെ തുടർന്ന് കൃഷിഭവനിൽ നിന്നുള്ള നടപടികൾ വൈകി. മൂന്നുദിവസം മുമ്പാണ് കൃഷിഭവനിൽ നിന്ന് സപ്ലൈകോയ്ക്ക് റിപ്പോർട്ട് നൽകിയത്. കാരപ്പൊറ്റയിലും ചേവക്കോടും നെല്ലു സംഭരണത്തിനായി അടുത്തയാഴ്ച തന്നെ മില്ല് അലോട്ട് ചെയ്യുമെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു.

TAGS: LOCAL NEWS, PALAKKAD, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY