SignIn
Kerala Kaumudi Online
Saturday, 25 April 2026 8.40 PM IST

മേനംകുളത്ത് ഗ്യാസ് പ്ലാന്റിന് സമീപം വൻ തീപിടിത്തം

Increase Font Size Decrease Font Size Print Page
1

 തീപിടിച്ചത് കുറ്റിക്കാടിന്  ഒഴിവായത് വൻ ദുരന്തം

കഴക്കൂട്ടം: തലസ്ഥാന നഗരത്തെ ഭീതിയിലാഴ്‌ത്തി കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെയാണ് മേനംകുളം വ്യവസായ കേന്ദ്രത്തിന് സമീപമുള്ള വ്യവസായ വകുപ്പിന്റെ 27 ഏക്കർ ഭൂമിയിലെ കുറ്റിക്കാടിന് തീപിടിച്ചത്. സമീപത്തെ ഭാരത് ഗ്യാസ് പ്ലാന്റിലേക്ക് തീപടരാതിരുന്നതിനാൽ വൻ ദുരന്തം തലനാരിഴയ്‌ക്ക് ഒഴിവായി. ഫയർഫോഴ്സിന്റെ മണിക്കൂറുകളോളം നീണ്ട ഇടപെടലാണ് നാടിന് രക്ഷയായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

കിലോമീറ്റർ ദൂരേക്ക് ദൃശ്യമാകുന്ന രീതിയിൽ കറുത്ത പുകച്ചുരുളുകൾ ആകാശത്തേക്ക് ഉയർന്നു. ചാക്ക,ആറ്റിങ്ങൽ,തിരുവനന്തപുരം,തുമ്പ വി.എസ്.എസ്.സി, എയർപോർട്ട് തുടങ്ങിയ ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ പത്ത് ഫയർഫോഴ്സ്‌ യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉണങ്ങിക്കിടന്ന പുല്ലും കുറ്റിച്ചെടികളും നിറഞ്ഞ ഭൂമിയിലേക്കാണ് തീ പടർന്നുപിടിച്ചത്. തൊട്ടടുത്തായി ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് റീഫില്ലിംഗ് പ്ലാന്റും വനിതാബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സും സ്ഥിതി ചെയ്‌തിരുന്നത് കനത്ത ആശങ്കയായി.

തീ ഗ്യാസ് പ്ലാന്റിന്റെ മതിലിന് സമീപത്തേക്ക് പടർന്നതോടെ വലിയൊരു സ്‌ഫോടനത്തിനുള്ള സാദ്ധ്യത ഫയർഫോഴ്സും മുൻകൂട്ടി കണ്ടു. കാറ്റിൽ തീ ആളിപ്പടർന്നത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയായി. ഇതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഗ്യാസ് പ്ലാന്റിലേക്ക് തീ പടരാതിരിക്കാൻ മതിലിന് ചുറ്റിലും വെള്ളം പമ്പ് ചെയ്‌ത് പ്രതിരോധമൊരുക്കിയത് നിർണായകമായി. ​

ഗെയിംസ് വില്ലേജിന്റെ ഭാഗമായി നിർമ്മിച്ചിരുന്ന താത്കാലിക കൂടാരങ്ങളുടെ അവശിഷ്ടങ്ങൾ പ്രദേശത്ത് വ്യാപകമായി കിടന്നിരുന്നു. ഇതിലേക്ക് തീ പടർന്നതാണ് അതിശക്തമായ പുകപടലത്തിന് കാരണമായത്. ഇത് രക്ഷാപ്രവർത്തനത്തെയും തടസപ്പെടുത്തി. കടുത്ത വേനൽച്ചൂടിൽ കരിഞ്ഞു കിടന്ന പുല്ലിൽ സാമൂഹ്യ വിരുദ്ധർ തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

25ഓളം ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തിരുവനന്തപുരം റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ്,ജില്ലാ ഫയർ ഓഫീസർ സൂരജ്, കഴക്കൂട്ടം ഫയർ സ്റ്റേഷൻ ഓഫീസർ ജിഷാദ് സ്റ്റേഷൻ ഓഫീസർമാരായ അഖിൽ,രൂപേഷ്,അരുൺ,കൃഷ്ണൻ,സെബാസ്റ്റ്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അതേസമയം വ്യവസായ മേഖലയിലെ കാടുപിടിച്ചു കിടക്കുന്ന ഭൂമി അടിയന്തരമായി വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.