SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയിക്ക് വിട; മൃതദേഹം സംസ്കരിച്ചു

Increase Font Size Decrease Font Size Print Page
c-j-roy

ബംഗളൂരു: സ്വയം നിറയൊഴിച്ച് മരണപ്പെട്ട കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയിയുടെ (56) സംസ്കാരം നടന്നു. ബംഗളൂരു ബന്നാർഗട്ടെ റോഡിലെ റോയിക്ക് ഏറ്റവും പ്രിയപ്പെട്ട കോൺഫിഡന്റ് കാസ്കേഡിലാണ് മൃതദേഹം സംസ്കരിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകൾ നടന്നത്. സെന്റ് ജോസഫ്‌‌സ് പള്ളിയിൽ അന്ത്യശുശ്രൂഷ നടന്നു. ബംഗളൂരു ബന്നാർഗട്ടെ റോഡിലെ നേച്ചേഴ്‌സ് കാസ്കേഡിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം പള്ളിയിൽ എത്തിച്ചത്.

വെള്ളിയാഴ്‌ച വൈകിട്ട് ബംഗളൂരുവിലെ റിച്ച്‌മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ കേന്ദ്ര ഏജൻസികളുടെ റെയ്‌ഡ് നടക്കുന്നതിനിടെയാണ് റോയ് സ്വയം വെടിവച്ച് മരിച്ചത്. സംഭവം നടന്നയുടൻ അദ്ദേഹത്തെ എച്ച്‌എസ്‌ആർ ലെയൗട്ടിലുള്ള നാരായണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സി ജെ റോയിക്ക് മറ്റേതെങ്കിലും കേന്ദ്രത്തിൽ നിന്ന് ഭീഷണിയുണ്ടായിരിക്കാനുള്ള സാദ്ധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. കർണാടക സർക്കാർ ഡിഐജി വംശികൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണച്ചുമതല. ജോയിന്റ് കമ്മിഷണറും രണ്ട് എസ്‌പിമാരും സംഘത്തിലുണ്ട്.

ഇതിനൊപ്പം കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. പരിശോധനയ്ക്കിടെ സ്വയം വെടിയുതിർത്ത് മരിക്കാൻ തക്കമായ ഒന്നും സംഭവദിവസം ഓഫീസിൽ സംഭവിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്. റെയ്ഡിനെത്തുടർന്ന് കടുത്ത മാനസികസമ്മർദ്ദം നേരിടേണ്ടിവന്നതായും അതാണ് മരണത്തിലേക്ക് തള്ളിവിട്ടതെന്നും സഹോദരൻ സി ജെ ബാബു ആരോപിച്ചിരുന്നു.

കേന്ദ്ര സർക്കാരിന് കീഴിലുള്ള ആദായ നികുതി വകുപ്പ് അധികൃതർ പുലർത്തുന്ന മൗനം ദുരൂഹത വർദ്ധിപ്പിക്കുകയാണ്. എന്തിന് റെയ്ഡ് നടത്തിയെന്നോ, റോയ് നടത്തിയ നിയമ ലംഘനം എന്താണെന്നോ വെളിപ്പെടുത്താൻ അവർ തയ്യാറാവുന്നില്ല. കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി എ ജോസഫിന്റെ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. റോയിയുടെ കുടുംബാംഗങ്ങളുടെയും മറ്റും മൊഴി കർണാടക സി ഐ ഡി ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.

ബിസിനസ് ദുബായിയിലേക്കു കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിൽ റോയ് ദുബായിൽ വൻ പാർട്ടി സംഘടിപ്പിച്ചിരുന്നു. മലയാള ചലച്ചിത്രപ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തു. പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു. റോയിയുമായി അടുപ്പമുള്ളവരിൽ ചിലരെ കേന്ദ്രഏജൻസികൾ ചോദ്യം ചെയ്തിരുന്നു.

ഡിസംബറിലെ ഐ.ടി റെയ്ഡിന് ശേഷം ദുബായിലേക്ക് പോയ റോയ് ദിവസങ്ങൾക്ക് മുൻപാണ് ബംഗളൂരുവിലെത്തിയത്. ദുരന്തമുണ്ടായ ദിവസം ഉച്ചയ്ക്ക് 12ഓടെയാണ് ഐ.ടി ഉദ്യോഗസ്ഥർ റിച്ച് മണ്ട് സർക്കിളിലെ കോൺഫിഡന്റ് ആസ്ഥാനത്തെത്തിയത്. റോയി എത്തിയത് ഉച്ചയ്ക്ക് രണ്ടുമണിക്കും. അതിനുശേഷം അമ്മയുമായി സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും ക്യാബിനിലേക്ക് മറ്റുള്ളവർക്ക് പ്രവേശനം വിലക്കിയതായും സഹപ്രവർത്തകർ പറയുന്നു. വൈകിട്ട് 3.15 ഓടെ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, CJROY, CREMATED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY