പാലക്കാട്: മുണ്ടൂർ-ചെർപ്പുളശ്ശേരി-പെരിന്തൽമണ്ണ റോഡിൽ തൂത ജംഗ്ഷനിൽ പുതിയ പാലത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. പാലത്തിന്റെ ഗർഡറുകളെല്ലാം കഴിഞ്ഞ മാസം തന്നെ പൂർണമായും സ്ഥാപിച്ചിരുന്നു. ഇതിനു മുകളിലുള്ള കോൺക്രീറ്റിംഗ് ആണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ആറ് തൂണുകളിലായി 18 ഗർഡറുകളാണ് സ്ഥാപിച്ചത്. കോൺക്രീറ്റിംഗ് പൂർത്തിയാകുന്നതോടെ പാലം തൂതപ്പുഴയുടെ ഇരുകരകളുമായി ബന്ധിക്കും. 10 മീറ്റർ വീതിയിലും 140 മീറ്റർ നീളത്തിലുമാണ് പുതിയ പാലം ഒരുങ്ങുന്നത്. നിലവിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിലൂടെ ഒരേ സമയം വലിയ വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും പോകാനാകില്ല. അതിനാൽ ഇവിടെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. പാലം നിർമ്മാണം അവസാന ഘട്ടത്തിലെത്തിയെങ്കിലും ഈ മാസം ഇത് ഉദ്ഘാടനം ചെയ്യാനാകില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. കോൺക്രീറ്റിംഗ് പൂർത്തി ആയാലും കൈവരി നിർമ്മാണം ഉൾപ്പെടെ ഒട്ടേറെ ജോലികൾ പൂർത്തീകരിക്കേണ്ടതുണ്ട്. അതേസമയം അടുത്ത മഴക്കാലത്തിനു മുമ്പ് പുതിയ പാലം പണി പൂർത്തീകരിച്ച് പൊതുജനങ്ങൾക്കു തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. മുണ്ടൂർ-തൂത റോഡിനെ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് 90 വർഷത്തിലേറെ പഴക്കമുള്ള പഴയ തൂത പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നത്. പാലം നിർമ്മാണത്തിനായി പുഴയിലെ വെള്ളം മുഴുവൻ തടഞ്ഞുനിർത്തി ഓവുചാലിലൂടെ മാത്രമാണ് നിലവിൽ വെള്ളം കടത്തിവിടുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽ നിന്ന് 364 കോടി രൂപ ചെലവിട്ടുള്ള മുണ്ടൂർ-തൂത റോഡിന്റെ നിർമ്മാണ പ്രവർത്തികളിൽ ഉൾപ്പെടുത്തിയാണ് പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം നടത്തുന്നത്. ഇവിടെ വരെ നാലുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ഇതിനൊപ്പം പാലം നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ പാലക്കാട് നിന്ന് മറ്റു റൂട്ടുകളെ അപേക്ഷിച്ച് പാലക്കാട് നിന്ന് മുണ്ടൂർ, കോങ്ങാട്, കടമ്പഴിപ്പുറം, ചെർപ്പുളശ്ശേരി, തൂത, പെരിന്തൽമണ്ണ വഴി മലപ്പുറത്തേക്കും കോഴിക്കോട്ടേക്കുമുള്ള ദൂരം 10 കിലോമീറ്ററോളം കുറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |