പാലക്കാട്: നാട്ടുകാരുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വണ്ണമട-ചിറ്റൂർ റോഡിനെയും തത്തമംഗലം - മീനാക്ഷിപുരം റോഡിനെയും ബന്ധിപ്പിച്ച് ചിറ്റൂർ പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന നറണി പാലം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. കല്യാണപേട്ട-ആലംകടവ് റോഡുകളെ ബന്ധിപ്പിക്കുന്ന പാലം ഈ മാസം 20നകം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. 10.39 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അത്യാധുനികമായ 'പ്രീ സ്‌ട്രെസ്സിംഗ്' സങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ആകെ 148.50 മീറ്റർ നീളമുള്ള പാലത്തിന് 25 മീറ്റർ വീതമുള്ള നാല് സ്പാനുകളും 24.25 മീറ്ററിന്റെ രണ്ട് സ്പാനുകളുമാണുള്ളത്. 7.50 മീറ്റർ വീതിയുള്ള കാര്യേജ് വേയും കാൽനടയാത്രക്കാർക്കായി കൈവരികളോട് കൂടിയ 1.50 മീറ്റർ വീതിയുള്ള നടപ്പാതയും പാലത്തിന്റെ പ്രത്യേകതയാണ്.
പാലത്തിന്റെ ഇരുവശങ്ങളിലുമായി കല്യാണപേട്ട റോഡിൽ 83 മീറ്ററും ആലംകടവ് റോഡിൽ 66 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. നിലവിൽ അപ്രോച്ച് റോഡുകളിൽ മണ്ണ് നിറയ്ക്കുന്ന ജോലികളാണ് നടക്കുന്നത്. ഈ മാസം 15നകം ടാറിംഗ് ജോലികൾ പൂർത്തിയാക്കും. സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ക്രാഷ് ബാരിയറുകൾ, മുന്നറിയിപ്പ് ബോർഡുകൾ, റോഡ് മാർക്കിംഗ്, സ്റ്റഡുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്.
മഴക്കാലത്ത് പുഴയിൽ വെള്ളം ഉയരുമ്പോൾ കവിഞ്ഞൊഴുകിയിരുന്ന പഴയ ആലാങ്കടവ്-നറണി കോസ്‌വേ പൊളിച്ച് 2024 ഫെബ്രുവരിയിലാണ് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2025 ആഗസ്റ്റിൽ നിർമ്മാണം പൂർത്തിയാക്കണമെന്നായിരുന്നു കരാറെങ്കിലും ലക്ഷ്യമിട്ടതിലും അഞ്ച് മാസത്തോളം വൈകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |