
കൊച്ചി: പരിസ്ഥിതി മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടും ബോധവത്കരണം വ്യാപിപ്പിച്ചിട്ടും സംസ്ഥാനത്ത് ജലാശയമലിനീകരണത്തിന് കുറവില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പ്രത്യേക എൻഫോഴ്‌സ്‌മെന്റ് 3550 കേസുകൾ എടുത്തപ്പോൾ പിഴത്തുകയായി ഖജനാവിൽ എത്തിയത് 2,03,52,740 രൂപ. തൃശൂർ ജില്ലയിലാണ് അധികം കേസുകൾ. 418 എണ്ണം.
സംസ്ഥാനത്ത് എല്ലാത്തരം ജലസ്രോതസുകളും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് മാലിന്യമുക്തം നവകേരളം, ഇനി ഞാൻ ഒഴുകട്ടെ, തെളിനീർ ഒഴുകും നവകേരളം എന്നീ പേരുകളിൽ ജനകീയ ക്യാമ്പെയിനുകൾ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് 2022ൽ തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകളെ രൂപീകരിച്ചത്. 2023 മുതൽ സ്ക്വാഡ് പ്രവർത്തനസജ്ജമാണ്. നാട്ടുകാരിൽ നിന്നുള്ള വിവരത്തിന്റെയും പരിശോധനയുടെയും ഭാഗമായാണ് കേസുകൾ എടുത്തിട്ടുള്ളത്. 3550 എണ്ണത്തിൽ 50കേസുകൾ കോടതി നിർദ്ദേശപ്രകാരം രജിസ്റ്രർ ചെയ്തവയാണ്.
352 സ്റ്റേഷൻ
സംസ്ഥാനത്തെ ജലസ്രോതസുകളിലെ 352 സ്റ്റേഷനുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് സ്വീവേജ് മലിനീകരണം തടയുന്നതിന് സെപ്റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും സ്വീവേജ് നെറ്റ്‌വർക്കും സ്ഥാപിക്കുന്ന പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് ജലത്തിന്റെ ഗുണനിലവാരം പ്രതിദിനം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
412 കി.മീ
ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പുഴകളുടെയും കായലുകളുടെയുമായി 412 കിലോമീറ്റർ ഭാഗത്തെ മാലിന്യം നീക്കം ചെയ്തു. 54,770 കി.മീ പുഴകളുടെ കൈവരികളും മാലിന്യമുക്തമാക്കി. ഹരിതകേരളം മിഷന്റെ ഭാഗമായാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
ജില്ല- കേസ് (കോടതി) - കേസ് (തദ്ദേശസ്ഥാപനം)
• തിരുവനന്തപുരം - 2- 261
• കൊല്ലം ----------- 4- 252
• പത്തനംതിട്ട ------ 1 - 56
• ആലപ്പുഴ---8 - 227
• കോട്ടയം -- 2 -241
• ഇടുക്കി - 3 --394
• എറണാകുളം - 4- 362
• തൃശൂർ - 5- 413
• പാലക്കാട് --3 -145
• മലപ്പുറം - 7-312
• കോഴിക്കോട് - 4- 305
• വയനാട് - 4-72
• കണ്ണൂർ - 3- 361
• കാസർകോട്- 0- 99
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |