കാട്ടാക്കട: കാട്ടാക്കട ജംഗ്ഷനിലെ മുടിപ്പുര ക്ഷേത്രത്തിൽ കവർച്ചാശ്രമം.ക്ഷേത്രത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിന്റെ പിന്നിലെ ഭിത്തി കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുരന്നായിരുന്നു കവർച്ചാശ്രമം. ക്ഷേത്ര പുരയിടത്തിനകത്ത് ഊട്ടുപുരയ്ക്കും ഭജന പുരയ്ക്കും ഉള്ളിൽ കടന്നായിരുന്നു മോഷണശ്രമം.ക്ഷേത്ര ജീവനക്കാരനെ കണ്ടതോടെ കള്ളൻ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
മുടിപ്പുര ക്ഷേത്രത്തിൽ ഇന്നലെ കഞ്ഞിവീഴ്ത്ത് ദിവസമായിരുന്നതിനാലാണ് ക്ഷേത്ര ജീവനക്കാർ ഇവിടെ തങ്ങിയത്.അതിലൊരു ജീവനക്കാരനായ ശശിധരൻ ഒരാൾ മതിൽ ചാടിക്കടന്ന് പുറത്തേക്ക് ഓടുന്നത് കണ്ടിരുന്നു.തുടർന്ന് ശശിധരൻ പിന്നാലെ ഓടിയെങ്കിലും കള്ളൻ കാഞ്ചിയൂർക്കോണം റോഡ് വഴി ഓടിമറയുകയായിരുന്നു.തിരികെ വന്ന് നോക്കുമ്പോഴാണ് വാടക കെട്ടിടത്തിലെ ഭിത്തി തുരന്നിരിക്കുന്നത് കണ്ടത്.
ജ്വല്ലറിയും ഫാൻസി സ്റ്റോറും ചേർന്നിരിക്കുന്ന ഭിത്തിയാണ് കള്ളൻ തുരന്നത്.ഒരടിയോളം പൊക്കത്തിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുരന്നിട്ടുണ്ട്.കമ്പിപ്പാര ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കാട്ടാക്കട ഇൻസ്പെക്ടർ ഒഫ് പൊലീസ് രാജേഷ്,സബ് ഇൻസ്പെക്ടർ കിരൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ജംഗ്ഷനിൽ പുലർച്ചെ വരെയാളുള്ള സ്ഥലത്താണ് ഇത്തരത്തിൽ ഒരു മോഷണം ശ്രമം നടന്നിരിക്കുന്നതെന്ന ഞെട്ടലിലാണ് നാട്ടുകാർ. സമീപത്തെ സി.സി ടിവികളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |