@റോഡ് നിർമ്മാണം അന്തിമഘട്ടത്തിൽ
കോഴിക്കോട്: കോഴിക്കോട്- വയനാട് യാത്ര ദുരിതത്തിന് പരിഹാരമായി ഇരു ജില്ലകളെയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ–കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണത്തിന് യുദ്ധകാല വേഗം. ഈ മാസം അവസാനത്തോടെ തുരങ്ക നിർമ്മാണം തുടങ്ങും. ആനക്കാംപൊയിൽ ഭാഗത്താണ് ആദ്യം തുടങ്ങുക. ഇവിടെ തുരക്കേണ്ട ഭാഗം വരെയുള്ള റോഡ് നിർമ്മാണം അന്തിമഘട്ടത്തിലാണ്. മേപ്പാടി ഭാഗത്ത് 145 മീറ്റർ മണ്ണ് മാറ്റാനുണ്ട്. തുടർന്നാകും തുരക്കൽ. മേപ്പാടി ഭാഗത്തും റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ആഗസ്റ്റ് 31ന് മുഖ്യമന്ത്രിയാണ് നിർവഹിച്ചത്. നിശ്ചിത സമയത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം.
2018ലെ പ്രളയകാലത്ത് വയനാട് ഒറ്റപ്പെട്ടപ്പോൾ വൈദ്യസഹായമെത്തിക്കാനടക്കം പ്രയാസമുണ്ടായതാണ് ബദൽ സംവിധാനത്തിന് പ്രേരണയായത്. താമരശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് തുരങ്കപാത വലിയ ആശ്വാസമാകും. ടൂറിസം സാദ്ധ്യതയും വർദ്ധിക്കും. ചുരത്തിലെ അപകടങ്ങളും കുറയും.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് മേൽനോട്ട ചുമതല. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ നിന്നാണ് ഫണ്ട് ലഭിക്കുക. പദ്ധതി നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് കരാർ ഏറ്റെടുത്തത്.
തുരങ്കപാത വരുന്നതോടെ ഇരു ജില്ലകൾക്കുമിടയിൽ കുറഞ്ഞ സമയത്തിനകം കൂടുതൽ സൗകര്യത്തോടെ, കുറഞ്ഞ ഇന്ധന ചെലവിൽ സുരക്ഷിത യാത്ര ചെയ്യാം. കോഴിക്കോട്ടെ മികച്ച സർക്കാർ, സ്വകാര്യ ആശുപത്രികളെയും ആരോഗ്യ സ്ഥാപനങ്ങളെയും ആശ്രയിക്കുന്നവരാണ് വയനാട് ജില്ലയിലെ ഭൂരിഭാഗം ആളുകളും. പാത യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട്ടെ മികച്ച ആരോഗ്യ സൗകര്യങ്ങൾ വയനാട്ടുകാർക്കും ലഭിക്കും. സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കാർഷികോത്പന്നങ്ങളുടെ കയറ്റുമതിയും വർദ്ധിക്കും. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷ.
തുരങ്കപാത ഇങ്ങനെ
ആകെ നീളം.... 8.73 കി.മീ
ഇരട്ട തുരങ്കം.... 8.11 കി.മി നീളം
കോഴിക്കോട് ജില്ലയിൽ....3.15 കി.മീ.
വയനാട് ജില്ലയിൽ.... 5.58 കി.മീ.
ചെലവ് 2,134 കോടി രൂപ.
'മഴയ്ക്കു മുമ്പ് തുരങ്കനിർമ്മാണം പരമാവധി മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമം. നിശ്ചിതസമയത്തു തന്നെ നിർമ്മാണം പൂർത്തിയാക്കും'. ഹാഷിം വി.കെ ബാവ എക്സിക്യുട്ടീവ് എൻജിനിയർ
തുരങ്ക നിർമ്മാണം ആദ്യം
ആനക്കാംപൊയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |