SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.51 PM IST

ജോലിഭാരത്തിൽ വീർപ്പുമുട്ടി തിരൂർ പൊലീസ് സ്റ്റേഷൻ പരിധി വിഭജിക്കണമെന്ന ആവശ്യം ശക്തം

Increase Font Size Decrease Font Size Print Page

തിരൂർ: ഏറെ കാലത്തെ ആവശ്യമായിട്ടും യാഥാർത്ഥ്യമാവാതെ തിരൂർ പൊലീസ് സ്റ്റേഷൻ വിഭജനം. ജനസംഖ്യയിലെ വർദ്ധനവും വലിയ ചുമതലാ പരിധിയും തിരൂർ പൊലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് തിരൂർ സ്റ്റേഷൻ വിഭജിച്ച് മംഗലം പൊലീസ് സ്റ്റേഷൻ കൂടി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യമുയർന്നത്.

തിരൂർ മുനിസിപ്പാലിറ്റി, വെട്ടം, തലക്കാട്, മംഗലം, പുറത്തൂർ, തൃപ്രങ്ങോട് പഞ്ചായത്തുകളും തിരുനാവായ, ചെറിയമുണ്ടം പഞ്ചായത്തുകളിലെ പകുതിയോളം വാർഡുകളും ഉൾപ്പെടുന്നതാണ് തിരൂർ പൊലീസ് സ്റ്റേഷന്റെ അധികാരപരിധി.

തിരൂർ, തിരുനാവായ റെയിൽവേ സ്റ്റേഷനുകളുമടങ്ങുന്നതാണ് തിരൂർ പൊലീസിന്റെ പരിധി. റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളിൽ പലപ്പോഴും പൊലീസിന് ഇടപെടേണ്ടി വരാറുണ്ട്. മലയാളം സർവകലാശാല ഉൾപ്പെടെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാപ്രശ്നങ്ങൾ, വിദ്യാർത്ഥി സംഘർഷങ്ങൾ തുടങ്ങി ധാരാളം പ്രശ്നങ്ങൾ പൊലീസിന് മുന്നിൽ നിത്യവുമെന്ന പോലെ എത്താറുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത പ്രശ്നങ്ങളുമുണ്ട്. ഇവിടത്തെ വിവിധ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് വി.വി.ഐ.പികൾ ദർശനത്തിനെത്തുമ്പോൾ സുരക്ഷയ്ക്കും ഗതാഗത ക്രമീകരണത്തിനും മറ്റുമായി ഡ്യൂട്ടി മാറ്റേണ്ടിയും വരും. ജനസംഖ്യയിലെ വർദ്ധനവും പൊലീസ് സ്റ്റേഷനിലെ അംഗബലവും താരതമ്യം ചെയ്യുമ്പോൾ വലിയ അന്തരമാണ് . കേസുകളുടെ ബാഹുല്യം കാരണം സമഗ്രമായ അന്വേഷണത്തിനും പ്രയാസം നേരിടുന്നുണ്ട്.

തിരൂർ പൊലീസ് സ്റ്റേഷൻ വിഭജിക്കണമെന്ന നിർദ്ദേശം വർഷങ്ങൾക്ക് മുമ്പ് സർക്കാരിന് സമർപ്പിച്ചിരുന്നതാണ്. എന്നാൽ നടപടികളുണ്ടായിട്ടില്ല.

64 പൊലീസുകാരാണ് തിരൂർ പൊലീസ് സ്റ്റേഷനിൽ നിലവിലുള്ളത്. ഒമ്പതു പേരുടെ വേക്കൻസികൾ ഒഴിഞ്ഞുകിടക്കുകയാണ്

ട്രാഫിക് വിഭാഗത്തിൽ 11 പേരാണുള്ളത്. ഒമ്പത് പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

ഏകദേശം നാല് ലക്ഷം പേരാണ് തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നത്.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY