SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.48 PM IST

വാളയാർ റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണം വനം വകുപ്പ് തടഞ്ഞു

Increase Font Size Decrease Font Size Print Page

road

വാളയാർ: ദേശീയപാതയിൽ നിന്ന് വാളയാർ റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ട് റോഡ് നിർമ്മിക്കാനുള്ള റെയിൽവേ അധികൃതരുടെ നീക്കത്തിന് വനം വകുപ്പിന്റെ ചുവപ്പ് കൊടി. റെയിൽവേയുടെ കരാറുകാർ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി വഴയുണ്ടാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനം തുടങ്ങിയതും പണി നിറുത്തി വയ്ക്കാൻ വനം വകുപ്പിന്റെ നിർദ്ദേശം എത്തി. തുടർന്ന് കരാറുകാർ പണി നിറുത്തുകയും ചെയ്തു. കോയമ്പത്തൂർ-പാലക്കാട് ദേശീയ പാതയിൽ നിന്ന് വളരെ അടുത്താണ് വാളയാർ റെയിൽവേ സ്റ്റേഷൻ. പക്ഷെ ദേശീയ പാതയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ട് റോഡില്ല. റെയിൽവേ സ്റ്റേഷനും ദേശീയപാതയ്ക്കും ഇടയിലുള്ള സ്ഥലം വനം വകുപ്പിന്റേതാണെന്നതാണ് കാരണം. മലബാർ സിമന്റ്സ് ടൗൺഷിപ്പ് റോഡ് വഴി ചുറ്റി വനത്തിനകത്തെ ലെവൽക്രോസ് റോഡിലൂടെ വേണം ഇപ്പോൾ റെയിൽവേ സ്റ്റേഷന് അകത്തേക്ക് പോകാൻ. അരകിലോമീറ്റർ നീളമുള്ള മെറ്റൽ ചെയ്തിട്ടില്ലാത്ത മണ്ണ് റോഡാണിത്. ഇതുവഴി വാഹന ഗതാഗതം ദുഷ്‌കരമാണ്. അതേസമയം ദേശീയ പാതയിൽ നിന്ന് വനം വകുപ്പിന്റെ സ്ഥലത്ത് കൂടി റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന് പോകാവുന്ന ദൂരമേയുള്ളു. വനം വകുപ്പ് ഇവിടെ മരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. കുറെ കാലങ്ങളായി നാട്ടുകാർ അനൗദ്യോഗികമായി വഴിയായി ഉപയോഗിക്കുന്നതിനാൽ വഴിയുടെ സ്ഥലത്ത് മരങ്ങളില്ല. വനം വകുപ്പിന്റെ അനുമതി കിട്ടാത്തത് കൊണ്ട് റെയിൽവേയ്ക്ക് ഇവിടെ റോഡ് നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. വളരെ കാലമായി നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിൽ രേഖാമൂലം തീരുമാനം വരുന്നതിന് മുമ്പ് മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വാക്കാൽ നിർദ്ദേശം പരിഗണിച്ച് റെയിൽവേ കരാറുകാർ ജെ.സി.ബി ഉപയോഗിച്ച് റോഡ് നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനം തുടങ്ങി. ഇതിനിടയിൽ വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ഉണ്ടായി. പുതിയതായി ചാർജെടുത്ത ഉദ്യോഗസ്ഥൻ പണി നിറുത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. റെയിൽവേ-വനംവകുപ്പ് തുടർചർച്ചകൾക്ക് ശേഷമേ ഇനി തുടർ നടപടികൾ ഉണ്ടാവുകയുള്ളു. റോഡിനായുള്ള യാത്രക്കാരുടെ കാത്തിരിപ്പ് ഇനിയും നീളും.

TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY