SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.51 PM IST

ന്യൂനപക്ഷങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ പൊരുതിയത് ഇടതുപക്ഷം: എം.വി.ഗോവിന്ദൻ

Increase Font Size Decrease Font Size Print Page

മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് രണ്ടാംദിനത്തിലും ജില്ലയിൽ ആവേശോജ്ജ്വല സ്വീകരണം. രാവിലെ കൊണ്ടോട്ടിയിലായിരുന്നു ജാഥയുടെ ആദ്യ പര്യടനം. വഴികളിൽ ഉടനീളം ജാഥയെ വരവേൽക്കാൻ പ്രവർത്തകരുടെ വലിയ സാന്നിദ്ധ്യമുണ്ടായിരുന്നു. വൈകിട്ട് മൂന്നിന് ഏറനാട് മണ്ഡലത്തിലെ അരീക്കോട് ജാഥയ്ക്ക് വൻവരവേൽപ്പേകി. തുടർന്ന്, ചന്തക്കുന്നിലെ പര്യടനത്തിന് ശേഷം വണ്ടൂർ സമാപിച്ചു. വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, മുത്തുകുടകൾ, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് തുറന്ന വാഹനത്തിലാണ് പൊതുയോഗസ്ഥലങ്ങളിലേക്ക് ആനയിക്കപ്പെട്ടത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർ‌ത്തിക്കാട്ടിയും പ്രതിപക്ഷത്തെയും കോൺഗ്രസിനേയും വിമർശിച്ചും കേന്ദ്ര സർക്കാർ നയങ്ങളെ കടന്നാക്രമിച്ചും ജാഥാക്യാപ്റ്റൻ എം.വി.ഗോവിന്ദന്റെ സുദീർഘപ്രസംഗം. യു.ഡി.എഫിന്റെ ജമാഅത്തെ ഇസ്‌ലാമി ബന്ധം,​ ശബരിമല സ്വർണക്കടത്തടക്കം വിവാദ വിഷയങ്ങളിലെ നിലപാടുകൾ അക്കമിട്ട് നിരത്തിയായിരുന്നു ജാഥാഅംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ പ്രസംഗങ്ങൾ.

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാതെ പൊരുതി മുന്നേറിയ കരുത്തുറ്റ പ്രസ്ഥാനമാണ് ഇടതുപക്ഷമെന്ന് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മലപ്പുറം ജില്ല രൂപീകരിച്ചത് ഇടതുപക്ഷമാണ്. അന്ന് അതിനെതിരെ ശക്തമായ സമരം നടത്തിയത് കോൺഗ്രസാണ്. പ്രകടനവും സമ്മേളനവും ജാഥയും നടത്തി. ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യത്തിലാണ് ജില്ല വന്നത്. മുസ്ലീങ്ങൾക്കെതിരായ കാടൻ നിയമങ്ങൾ എടുത്തുകളഞ്ഞത് ആദ്യ ഇ.എം.എസ് സർക്കാരാണ്. സർക്കാർ നിയമനങ്ങളിൽ മുസ്ലീങ്ങൾക്കുണ്ടായിരുന്ന പ്രത്യേക പരിശോധന എടുത്തുകളഞ്ഞു. പള്ളികൾ നിർമ്മിക്കാനുള്ള തടസ്സം നീക്കി. ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം എന്ന നിലപാടുള്ള മുന്നണിയാണ് ഇടതുപക്ഷമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഇന്ന് രാവിലെ 10ന് മഞ്ചേരിയിൽ നിന്ന് ജാഥയുടെ പ്രയാണം തുടങ്ങും. വൈകിട്ട് മൂന്നിന് അങ്ങാടിപ്പുറം, നാലിന് പെരിന്തൽമണ്ണയിലെ കോടതിപ്പടി, അഞ്ചിന് വളാഞ്ചേരിയിൽ സമാപിക്കും.


കേന്ദ്രം നെല്ലിന്റെ പ്രോത്സാഹന ബോണസ് നിറുത്തിയത്
കർഷകരോടുള്ള വെല്ലുവിളി: എം.വി.ഗോവിന്ദൻ
മലപ്പുറം: കേരളം നെല്ലിന് നൽകുന്ന പ്രോത്സാഹന ബോണസ് നിറുത്തിവയ്ക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. നെല്ലുൽപ്പാദനം ആവശ്യത്തിൽ അധികമായതിനാൽ നെല്ല് സംഭരണം പൊതുഖജനാവിന് അധിക ബാധ്യതയായി മാറുന്നുവെന്നാണ് കേന്ദ്രമയച്ച കത്തിൽ പറയുന്നത്. താങ്ങുവിലയ്ക്ക് മുകളിൽ കേരളം ബോണസ് നൽകുന്നുണ്ടെന്നത് വസ്തുതയാണ്. സംസ്ഥാന സർക്കാർ കിലോയ്ക്ക് 6.31 രൂപയാണ് അധികമായി നൽകുന്നത്. ഇത് കർഷകർക്കുള്ള വലിയ പിന്തുണയാണ്. നെല്ല് സംഭരണത്തിൽ 1,​344 കോടി രൂപയാണ് കേന്ദ്ര കുടിശ്ശിക. കോർപ്പറേറ്റുകൾക്ക് കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാരാണ് കർഷകർക്കുള്ള തുച്ഛമായ തുക കൊടുക്കരുതെന്ന് നിർദ്ദേശിക്കുന്നത്. ഇന്ത്യ-അമേരിക്ക കരാറിന്റെ മറവിൽ കാർഷക ഉൽപ്പന്നങ്ങൾ നികുതിയില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരിക്കുകയാണ്. കോർപ്പറേറ്റുകൾക്കൊപ്പമാണ് കേന്ദ്ര സർക്കാർ എന്നാണ് ഇതിൽ നിന്നും വ്യക്തമായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY