കാസർകോട്: മാർക്ക് ദാനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണ ശരങ്ങളെറിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് മറുമരുന്നുമായി മന്ത്രി കെ.ടി ജലീൽ രംഗത്ത്. കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് സിവിൽ സർവീസ് ലഭിച്ചതിൽ അന്വേഷണം വേണമെന്ന് കെ.ടി ജലീൽ ആവശ്യപ്പെട്ടു.
ആ സിവിൽ സർവീസ് പരീക്ഷയുടെ എഴുത്ത് പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയ അനുദീപ് ഷെട്ടിയെക്കാൾ 30 മാർക്ക് അഭിമുഖ പരീക്ഷയിൽ പ്രമുഖ നേതാവിന്റെ മകന് കിട്ടി. ഇതിനായി ഡൽഹിയിൽ ലോബിയിംഗ് നടത്തിയവർ തങ്ങളെപ്പോലെയാണ് മറ്റുള്ളവരും എന്നുകരുതിയാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. നേതാവ് ആരാണെന്ന് പേരെടുത്തു പറയാതെയായിരുന്നു ജലീലിന്റെ പ്രസ്താവന. പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെടണം. പി.എസ്.സിയുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിർത്താൻ നടപടി വേണമെന്നും ജലീൽ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണ്. മോഡറേഷനെയാണ് മാർക്ക് ദാനമെന്ന് വിളിക്കുന്നത്. ചരിത്രത്തിൽ ആദ്യമായല്ല മോഡറേഷൻ നൽകുന്നത്. ഒരാൾക്ക് മാത്രമല്ല നിരവധി പേർക്ക് മോഡറേഷൻ നൽകി. മോഡറേഷൻ നിറുത്തണമെന്ന് പ്രതിപക്ഷ നേതാവിന് അഭിപ്രായമുണ്ടെങ്കിൽ അത് തുറന്നുപറയണം. അദാലത്തിൽ മോഡറേഷൻ തീരുമാനിച്ചിട്ടില്ല. മോഡറേഷൻ തീരുമാനിച്ചത് സിൻഡിക്കേറ്റിലാണ്. പ്രൈവറ്റ് സെക്രട്ടറി ഒപ്പിട്ട രേഖ പ്രതിപക്ഷ നേതാവ് ഹാജറാക്കിയിട്ടില്ലെന്ന് പറഞ്ഞ ജലീൽ, ഇത്തരം ഗിമ്മിക്കുകൾ കൊണ്ട് ഇടതുപക്ഷത്തിന്റെ വിജയം തടഞ്ഞ് നിറുത്താൻ സാധിക്കുമെന്ന് യു.ഡി.എഫ് കരുതേണ്ടെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |