SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

പൊലീസ് ഇറങ്ങുന്നു സോടോക്സയുമായി

Increase Font Size Decrease Font Size Print Page
padam
സോടോക്സ

കൊച്ചി: ഉമിനീർ സാമ്പിൾ നൽകുകയേ വേണ്ടൂ. സെക്കൻഡുകൾക്കകം ഫലം റെഡി! ലഹരി പരിശോധനയ്ക്ക് ഇത്തരമൊരു ഉപകരണം കിട്ടിയാൽ പൊലീസ് ചുമ്മാ ഇരിക്കുമോ. കൈയിൽ കൊണ്ടുനടക്കാവുന്ന സോടോക്സ അനലൈസർ ഉപകരണവുമായി കൊച്ചിയിൽ രാത്രികാല പരിശോധന ശക്തമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്. നാല് ടീമുകളായി തിരിഞ്ഞായിരിക്കും സംഘം കളത്തിലിറങ്ങുക.

വാഹനമോടിക്കുന്നവർ സിന്തറ്റിക് ലഹരി ഉപയോഗിച്ചിരുന്നോയെന്ന് ഉറപ്പിക്കാൻ വൈദ്യപരിശോധന മാത്രമായിരുന്നു നേരത്തെ ശരണം. ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ലഭ്യമായതോടെ നടപടികൾ വേഗത്തിലാക്കാൻ സാധിക്കും. നേരത്തെ സിറ്റി പൊലീസ് പൊതുയിടങ്ങളിലും ടാക്സി, ബസ് സ്റ്റാൻഡുകളിലും നിരന്തരം പരിശോധനകൾ നടത്തിയിരുന്നു. ഡ്രൈവർമാരിൽ നിന്ന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും പിടിച്ചെടുത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ ശാസ്ത്രീയമായി തിരിച്ചറിയാൻ സംവിധാനമില്ലാതിരുന്നത് ഇത്തരം കേസുകൾ വർദ്ധിക്കുന്നതിന് കാരണമായിരുന്നു.

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. മുതിർന്ന ഉദ്യോഗസ്ഥർ പരിശോധനകൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. രാത്രികാല പരിശോധനകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 1,000 മൊബൈൽ ടെസ്റ്റിംഗ് കിറ്റുകൾ കൂടി ഉടൻ എത്തിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.

 വൈദ്യപരിശോധന

പരിശോധനയിൽ പോസിറ്റീവാകുന്നവരെ ഒന്നിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. നിയമപ്രശ്നം ഒഴിവാക്കാനാണിതെന്നാണ് അറിയുന്നത്. എന്നാൽ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ കേസെടുക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. 300 ഓളം കിറ്റുകൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.

 15 ലക്ഷം

4 ദിവസം മുമ്പാണ് വാക്കറൂ ഫൗണ്ടേഷൻ സോടോക്‌സ അനലൈസർ കൈമാറിയത്. 15 ലക്ഷം രൂപ വിലവരുന്നതാണ് നൂതന ഉപകരണം. കൊച്ചി കുസാറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാക്കറൂ ഫൗണ്ടേഷൻ ചെയർമാൻ സംസ്ഥാന പൊലീസ് മേധാവി സി. റവാഡ ചന്ദ്രശേഖറിനാണ് ഉപകരണം കൈമാറിയത്.

 വിദ്യാർത്ഥികൾ മുതൽ ഐ.ടി പ്രൊഫഷണലുകൾ വരെ

നഗരത്തിൽ വിവിധ ജോലിക്ക് എത്തിയിരിക്കുന്ന യുവാക്കൾ, കോളജ് വിദ്യാർത്ഥികൾ, ഐ.ടി പ്രൊഫഷണലുകൾ, ഓൺലൈൻ ഫുഡ് ഡെലിവറി ജോലിക്കാർ തുടങ്ങി യുവാക്കൾ ലഹരി മാഫിയയ്ക്കായി സജീവമാണ്. കൊച്ചിയിൽ ഇറക്കുമതി ചെയ്യുന്നതും ഇടനിലക്കാരാകുന്നതും ഉപഭോക്താക്കളാകുന്നതും ഇവർ തന്നെ.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY