
തിരുവനന്തപുരം: ഐ.എ.എസ് കോച്ചിംഗിനായി തിരുവനന്തപുരത്ത് എത്തിയ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, 17 പവൻ ആഭരണവും 1,10,000 രൂപയും തട്ടിയെടുക്കുകയും ചെയ്‌ത കേസിൽ പ്രതിക്ക് ജാമ്യം.ഇടുക്കി സ്വദേശി നെൽസൺ ജോയിക്കാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.ആദ്യ റിമാൻഡ് കഴിഞ്ഞതേയുള്ളൂവെന്നും 8 പവൻ ആഭരണങ്ങൾ മാത്രമേ റിക്കവർ ചെയ്തിട്ടുള്ളൂവെന്നും,ബാക്കി സ്വർണം കണ്ടെത്താൻ പ്രതിയെ ഇനിയും കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.എന്നാൽ പരസ്‌പര സമ്മത പ്രകാരമുള്ള ബന്ധങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ആഭരണങ്ങൾ തട്ടിയെടുത്തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. സ്വന്തം ഇഷ്ടപ്രകാരം നൽകിയ ആഭരണങ്ങൾക്ക് പകരമായി കുറച്ച് പണം തിരികെ നൽകിയിരുന്നുവെന്നും ശേഷിക്കുന്നത് തവണകളായി നൽകാമെന്ന് സമ്മതിച്ചിരുന്നതായും പ്രതിഭാഗം ബോധിപ്പിച്ചു. ഇരുവരും തമ്മിലുള്ള വാട്സാപ്പ്, ടെലഗ്രാം ചാറ്റ്, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയും പ്രതി ഭാഗം ഹാജരാക്കി. അന്വേഷണത്തിന്റെ പ്രധാന ഭാഗങ്ങൾ കഴിഞ്ഞതിനാൽ കസ്റ്റഡി തുടരേണ്ടതില്ലെന്ന് കോടതി കണ്ടെത്തി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതിഭാഗത്തിനു വേണ്ടി ഹൈക്കോടതി അഭിഭാഷകൻ അഡ്വ.രഞ്ജിത് തായ്‌മഠത്തിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |