SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.52 PM IST

കാറ്റു വീഴ്ചയുംവെള്ളീച്ച രോഗവും: തെങ്ങുകൾ കൂട്ടത്തോടെ നശിക്കുന്നു

Increase Font Size Decrease Font Size Print Page
velleecha
കിഴക്കൻ മേഖലയിലെ തെങ്ങിൻ തോപ്പിൽ വെള്ളീച്ച രോഗം ബാധിച്ച നിലയിലുള്ള തെങ്ങ്

ചിറ്റൂർ: പാലക്കാട് ജില്ലയിൽ പ്രത്യേകിച്ച് കിഴക്കൻ മേഖലയിൽ വെള്ളീച്ച രോഗവും കാറ്റു വീഴ്ചയും മൂലം ആയിരക്കണക്കിനു തെങ്ങുകൾ കൂട്ടത്തോടെ നശിക്കുന്നതായി നാളികേര കർഷകരുടെ പരാതി. വെളളീച്ച രോഗം നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ കുന്നംകാട്ടുപതി പ്രദേശത്ത് ആദ്യമായി കാണപ്പെട്ട വെള്ളീച്ച രോഗം ഇപ്പോൾ നല്ലേപ്പിള്ളിയിലും പെരുമാട്ടി, എരുത്തേമ്പതി പഞ്ചായത്തുകളിലും വ്യാപിച്ചു തുടങ്ങി. മാത്രമല്ല, കേരള അതിർത്തി കടന്ന് തമിഴ്നാട്ടിലെ തെങ്ങിൻ തോട്ടങ്ങളിലും വ്യാപിച്ചിരിക്കുകയാണ്. പ്രസ്തുത രോഗം ബാധിച്ച തോട്ടങ്ങളിൽ തെങ്ങുകൾ കായ്ഫലം ഇല്ലാതെ ക്ഷീണിച്ചു നിൽക്കുകയാണ്. മിക്ക തെങ്ങിൻ തോട്ടങ്ങളും പശുവളർത്തലിന്റെ ചെറുതും വലുതുമായ ഫാമുകളായി മാറി. സംസ്ഥാനത്തെ തന്നെ പ്രധാന കള്ള് ഉല്പാദക കേന്ദ്രമായ ചിറ്റൂർ മേഖലയിൽ കള്ളിന്റെ ഉല്പാദനവും വലിയ രീതിയിൽ കുറയുകയും ചെയ്തിട്ടുണ്ട്. കാർഷിക മേഖലയിൽ നെൽകൃഷി ആദായമില്ലാതായപ്പോഴാണ് കർഷകർ തെങ്ങുകൃഷിയിലേക്ക് മാറിയത്. ഇളനീർ, നാളികേരം, കള്ളുദ്പ്പാദനം എന്നിങ്ങനെ വിവിധ വഴിയിലൂടെ രക്ഷനേടാനാകുമെന്നതായിരുന്നു പ്രതീക്ഷ. മാത്രമല്ല ഇടവിള ചെയ്തും ജീവിക്കാമെന്നു കരുതിയ കർഷകർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഇപ്പോഴത്തെ കാറ്റു വീഴ്ചയും വെള്ളീച്ച രോഗവും.

തെങ്ങിന്റെ ഓലകൾ മുഴുവൻ കറുത്ത നിറത്തിലുള്ള പൊടി വിതറിയ രീതിയിലും പിന്നീട് വെള്ളപ്പാണ്ട് പോലെ മടലുകൾക്ക് ബലക്ഷയം വരുകയും ചെയ്യുന്നതാണ് വെള്ളീച്ച രോഗത്തിന്റെ പ്രധാന ലക്ഷണം. തുടർന്ന് തെങ്ങോലകൾ മുഴുവൻ കറുപ്പ് നിറത്തിലാകുകയും കായ്ഫലം കുറയുകയും ഇല്ലാതാവുകയും ചെയ്യുന്നു. ഇളനീരിനായി ഉപയോഗിക്കുന്ന ചെന്തെങ്ങിലും പച്ചനിറത്തിൽ തേങ്ങ തരുന്ന തെങ്ങുകളിലുമാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.

TAGS: LOCAL NEWS, PALAKKAD, COCONUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY