
കൊച്ചി: ഭൂട്ടാൻ കാർ കടത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ പ്രതി രോഹിത് ബേദിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. എറണാകുളം സെൻട്രൽ പൊലീസാണ് നോട്ടീസ് നൽകിയത്. രോഹിത് കേരളത്തിലേക്ക് കൂടുതൽ കാറുകൾ വിറ്റിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിയാനാകൂ. കലൂർ സ്വദേശിയായ 22കാരന്റെ പരാതിയിൽ ജനുവരി 11നാണ് പൊലീസ് കേസെടുത്തത്.
ഭൂട്ടാനിലെ ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ടൊയോട്ട ലാൻഡ് ക്രൂയിസർ കാറെന്ന വ്യാജേന, ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച കാർ നൽകി കബളിപ്പിച്ചെന്നാണ് പരാതി. ഓപ്പറേഷൻ നുംഖോറിൽ കുടുങ്ങിയപ്പോഴാണ് ഹിമാചൽ പ്രദേശിലെ ഷിംലയിൽ എത്തിച്ച് വ്യാജ രജിസ്‌ട്രേഷൻ നടത്തിയ കാറാണിതെന്ന് ഉടമ തിരിച്ചറിഞ്ഞത്. 14 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. 2024 ജൂണിൽ നടന്ന സംഭവമായതിനാൽ ഐ.പി.സി പ്രകാരമുള്ള വകുപ്പുകളാണ് പ്രതി രോഹിത് ബേദിക്കെതിരെ ചുമത്തിയത്. 2025 സെപ്തംബറിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രാജ്യവ്യാപകമായി 'നുംഖോർ' എന്ന പേരിൽ ഓപ്പറേഷൻ നടത്തിയത്.
കേരളത്തിൽ 200 വാഹനങ്ങൾ വിറ്റഴിച്ചെന്ന് കസ്റ്റംസ് കണ്ടെത്തിയെങ്കിലും 49 എണ്ണമേ കസ്റ്റഡിയിൽ എടുക്കാനായുള്ളൂ. ശേഷിച്ചവ അതിർത്തി കടന്നെന്നാണ് വിവരം. ഭൂട്ടാൻ - പശ്ചിമബംഗാൾ അതിർത്തി പ്രദേശമായ ഫുന്റഷോലിംഗ് വഴി ഇന്ത്യയിലേക്ക് വാഹനങ്ങളെത്തിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് അസാം, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. കോയമ്പത്തൂർ സംഘം 200 വാഹനങ്ങൾ കേരളത്തിൽ വിറ്റഴിച്ചെന്ന് കണ്ടെത്തിയെങ്കിലും ഇതിൽ 38 എണ്ണം മാത്രമേ കസ്റ്റഡിയിലെടുക്കാനായുള്ളൂ.
കേരളത്തിലേക്ക് കാർ വിറ്റിട്ടില്ലെന്നും തനിക്ക് ഭൂട്ടാൻ കാർ ഇടപാടോ വാഹനക്കച്ചവടമോ ഇല്ലെന്നുമാണ് രോഹിത് നേരത്തെ കേരളകൗമുദിയോട് പ്രതികരിച്ചത്. കാർ കടത്തിലെ തട്ടിപ്പ് മാത്രമാണ് പൊലീസ് അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |