
കണ്ണൂർ: ഹൈസ്കൂൾ വിഭാഗം മലയാളം അദ്ധ്യപകരുടെ അന്തർജില്ല സ്ഥലം മാറ്റത്തിന് കൃത്യമായ എണ്ണം മാറ്റിവെക്കാൻ കഴിയില്ലെന്ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ. 2024 മുതൽ അതത് വർഷം ഉണ്ടാകുന്ന ഒഴിവിന്റെ 15 ശതമാനം അന്തർ ജില്ലാ സ്ഥലം മാറ്റത്തിന് മാറ്റി വയ്ക്കണം. എന്നാൽ എച്ച്.എസ്.ടി. മലയാളത്തിന് 2024ൽ 11 ഒഴിവും 2025ൽ 18 ഒഴിവും ഉണ്ടായി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 2024ലെ ഉത്തരവ് പ്രകാരം 2024 ൽ 1.7 ഉം 2025 ൽ 2.7ഉം ഒഴിവ് അന്തർജില്ല സ്ഥലം മാറ്റത്തിന് മാറ്റിവയ്ക്കണം. എന്നാൽ കണ്ണൂർ ഡി.ഡി.ഇ 2024 ൽ ഒരു ഒഴിവ് പോലും അന്തർ ജില്ലാ സ്ഥലം മാറ്റത്തിന് നൽകിയില്ല. 2025ൽ രണ്ട് ഒഴിവ് മാത്രമാണ് നൽകിയത്.
ഇതിനെതിരെ ഒരു അധ്യാപകൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കണ്ണൂർ ഡി.ഡി.ഇ.യിൽ നിന്നും വിശദീകരണം തേടി. ഇതിന് മറുപടിയായാണ് 2.7 ഏഴ് എന്നത് മൂന്നാക്കാൻ കഴിയില്ലെന്നും രണ്ട് ആയി ചുരുക്കിയതായും കണ്ണൂർ ഡി.ഡി.ഇ പൊതുവിദ്യാഭാസ ഡയറക്ടർക്ക് വിശദീകരണം നൽകിയത്. എന്നാൽ 18 ഒഴിവിൽ 9.9 ഒഴിവാണ് പി.എസ്.സിക്ക് നൽകേണ്ടത്. ഇത് 13 എണ്ണമാണ് നൽകിയത്. ഭരണ പരിഷ്കാര കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് പി.എസ്.സിക്ക് നൽകിയതെന്നും കണ്ണൂർ സി.ഡി. ഇ അവകാശപ്പെടുന്നു.
ആറാം പ്രവർത്തി ദിനത്തിന്റെ കണക്കെടുപ്പോടെ തസ്തിക നിർണയം പൂർത്തിയാവും. 2025ൽ ജൂൺ 9ന് ആയിരുന്നു ആറാം പ്രവർത്തി ദിവസത്തിന്റെ കണക്കെടുപ്പ്. ഇത് കഴിഞ്ഞ് ജൂൺ 20ന് നാലും 26ന് മൂന്നും ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തത് ക്രമരഹിതമാണെന്ന് അദ്ധ്യാപകർ ആരോപിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ അന്തർ ജില്ലാ സ്ഥലം മാറ്റത്തിൽ ക്രമക്കേട് ഉയർന്നത് പലയിടത്തും ചർച്ചയായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |