വിതുര: വിതുര പഞ്ചായത്തിൽ ആദിവാസി സമൂഹം തിങ്ങിപ്പാർക്കുന്ന കല്ലൻകുടി, തച്ചരുകാല, നെട്ടയം മേഖലകളിൽ വൈദ്യുതിവിതരണം തടസപ്പെടുന്നതായി പരാതി. മുന്നറിയിപ്പും കാരണവുമില്ലാതെ അടിക്കടി വൈദ്യുതി വിതരണം നിലയ്ക്കുകയാണ്. കാറ്റോ മഴയോ എത്തിയാലുള്ള അവസ്ഥ വിവരണാതീതമാണ്. വൈദ്യുതി വിതരണം തടസപ്പെട്ടാൽ നിശ്ചിതസമയത്ത് പുനഃസ്ഥാപിക്കാറില്ലെന്ന് ആദിവാസികൾ പറയുന്നു. മേഖലയിൽ കാട്ടുമൃഗശല്യം അതിരൂക്ഷമാണ്. കാട്ടാനയും കാട്ടുപോത്തും പന്നിയും പുലിയും മേഖലയിലിറങ്ങി ഭീതിയും നാശവും പരത്തി വിഹരിക്കുന്നുണ്ട്. ഉപജീവനത്തിനായി നടത്തിയിരുന്ന മേഖലയിലെ കൃഷികൾ മുഴുവൻ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കാട്ടുമൃഗങ്ങൾ വിതച്ചത്.
വന്യമൃഗ ശല്യവും
വനവിഭങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറാൻ കഴിയാത്ത സ്ഥിതിയാണ്. സന്ധ്യമയങ്ങിയാൽ കാട്ടുമൃഗശല്യം രൂക്ഷമാകും. കാട്ടാനയും, കാട്ടുപോത്തും നിരവധി പേരെ ആക്രമിച്ച സംഭവവുമുണ്ടായി. ഇതിനിടയിൽ വൈദ്യുതിവിതരണം കൂടി നിലച്ചത് ആദിവാസികൾക്ക് ഇരുട്ടടിയായി മാറി.
വൈദ്യുതി വിതരണം സുഗമമാക്കണം
മണലി,കല്ലാർ,ആനപ്പാറ,ചെമ്പിക്കുന്ന്,അല്ലത്താര,മൊട്ടമൂട്,ആറാനക്കുഴി മേഖലകളിലും വൈദ്യുതിപ്രശ്നം നിലനിൽക്കുന്നുണ്ട്. പ്രദേശത്ത് വനമേഖലകളിൽകൂടിയാണ് വൈദ്യുതിലൈൻ കടന്നുപോകുന്നത്. കാറ്റത്തും മഴയത്തും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും ലൈനിൽ പതിക്കുന്നതുമൂലമാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്നാണ് ഇലക്ട്രിസിറ്റി വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം വൈദ്യുതി വിതരണം സുഗമമാക്കണമെന്നാവശ്യപ്പെട്ട് വിതുര വൈദ്യുതി ഓഫീസിന് മുന്നിൽ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് കല്ലൻകുടി, നെട്ടയം, തച്ചരുകാല നിവാസികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.