കൊച്ചി: തേവര കോന്തുരുത്തിയിൽ പാലക്കാട് സ്വദേശി ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം, മരിച്ചെന്ന് ഉറപ്പാക്കാൻ പ്രതി കെ.കെ. ജോർജ് കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ചത് മൂന്നുവട്ടം. പുലർച്ചെ മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കുന്നതിന് മുൻപായിരുന്നു ഈ കാടത്തം. അർദ്ധരാത്രിയോടെ തലയ്ക്ക് പിന്നിലേറ്റ കമ്പിപ്പാരകൊണ്ടുള്ള അടിയിൽ ബിന്ദുവിന് തത്ക്ഷണം ജീവൻ നഷ്ടമായിരുന്നു. കോന്തുരുത്തി കൊലപാതകക്കേസിലെ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരം. എറണാകുളം എ.സി.ജെ.എം. (ഇക്കണോമിക്സ് ഒഫൻസസ്)കോടതിയിൽ ഇന്നലെ കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് 90 ദിവസം പൂർത്തിയാകും മുൻപ് കുറ്റപത്രം നൽകാൻ പൊലീസിന് സാധിച്ചു.
2024 നവംബർ 21 രാത്രിയിലായിരുന്നു അരുംകൊല. കോന്തുരുത്തി പ്രതിഭാനഗർ സ്വദേശി കെ.കെ. ജോർജാണ്(61) പ്രതി. കൊല്ലപ്പെട്ട ബിന്ദു ലൈംഗികത്തൊഴിലാളിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും താമസസൗകര്യവും പണവും നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ജോർജ്, 48കാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ, ലൈംഗിക ബന്ധത്തിലേർപ്പെട്ടശേഷമുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുമ്പാണ് ബിന്ദു വീടുവിട്ടിറങ്ങിയത്. തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പോയശേഷമാണ് എറണാകുളത്ത് എത്തിയത്.
500 രൂപ നൽകാമെന്ന് പറഞ്ഞാണ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും മടങ്ങുന്ന സമയത്ത് സ്ത്രീ 2000 രൂപ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായതെന്നുമാണ് ജോർജിന്റെ മൊഴി. ജോർജിന്റെ ഭാര്യ മകളുടെ കുട്ടിയുടെ പിറന്നാളാഘോഷത്തിന് പോയ ദിവസമായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ജോർജ് കമ്പിപ്പാര കൊണ്ട് രണ്ടുതവണ തലയ്ക്കടിച്ച് വീഴ്ത്തുകയിരുന്നു. പിറ്റേന്ന് വെളുപ്പിന് അരക്കിലോമീറ്റർ അകലെയുള്ള കടയിൽ നിന്ന് ചാക്കുകൾ വാങ്ങി. മൃതദേഹം ചാക്കിലാക്കി പുറത്ത് എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു പദ്ധതി.
പ്രതി തളർന്നുറങ്ങിയത്
മൃതദേഹത്തിനരികിൽ
ബിന്ദുവിന്റെ വീടിന് പുറത്തേക്ക് മൃതദേഹം വലിച്ചെത്തിച്ചതോടെ തളർന്നുപോയ ജോർജ് അവിടെത്തന്നെ ഇരുന്ന് ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ ഏഴോടെ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമ്മ സേനാംഗമാണ് ചാക്കിൽക്കെട്ടിയ മൃതദേഹവും അതിനരികിൽ ഉറങ്ങുന്ന ജോർജിനെയും കണ്ടത്. ഇവർ മുൻ ഡിവിഷൻ കൗൺസിലറെ വിവരം അറിയിച്ചു. മുൻ കൗൺസിലർ വിവരം കൈമാറിയതോടെ പൊലീസിന് സ്ഥലത്തെത്തി ജോർജിനെ കസ്റ്റഡിയിലെടുത്തു. വീട് പരിശോധിച്ചപ്പോൾ രക്തക്കറ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എറണാകുളം സൗത്ത് എസ്.എച്ച്.ഒ പി.സി. സന്തോഷ്, എസ്.ഐമാരായ മനു, ആനന്ദ്, ബിസ്മി, എസ്.സി.പി പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |