
മുംബയ്: ട്വന്റി-20 ലോകകപ്പിന്റെ ആവേശം സൂപ്പർ എയിറ്റ് പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഫലങ്ങൾ. തോൽവിയറിയാതെ മുന്നേറിയ സിംബാബ്‌വെ ടൂർണമെന്റിലെ ഏറ്റവും വലിയ വിസ്മയമായി മാറിയപ്പോൾ, മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ആദ്യ റൗണ്ടിൽ തന്നെ പുറത്തായത് ക്രിക്കറ്റ് ലോകത്ത് അമ്പരപ്പായി.
ഇത്തവണത്തെ ലോകകപ്പിൽ ആരാധകരെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ മൂന്ന് ടീമുകളുടെ പ്രകടനം വിലയിരുത്തിയാൽ 2024ലെ സെമി ഫൈനലിസ്റ്റുകളായ അഫ്ഗാനിസ്ഥാൻ ഇത്തവണ കണ്ണീരോടെയാണ് മടങ്ങിയത്. ന്യൂസിലൻഡിനെതിരായ അഞ്ച് വിക്കറ്റിന്റെ നേരിയ തോൽവിയോടെയായിരുന്നു തുടക്കം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഡബിൾ സൂപ്പർ ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിലെ തോൽവി അഫ്ഗാനികളുടെ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തുകയായിരുന്നു. അവസാന മത്സരങ്ങളിൽ യുഎഇയെയും കാനഡയെയും പരാജയപ്പെടുത്തിയെങ്കിലും ആദ്യ പരാജയങ്ങൾ ഇതിനോടകം അവരെ പുറത്തേക്കുള്ള വഴി കാണിച്ചിരുന്നു. പരിശീലകൻ ജോനാഥൻ ട്രോട്ടിന്റെ പടിയിറക്കവും ടീമിന്റെ പരാജയത്തോടെ നിരാശയായി.
2021ലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് ഇത്തവണ ലോകകപ്പിൽ തിളങ്ങാനായില്ല. പരിക്കേറ്റ താരങ്ങളും കൃത്യതയില്ലാത്ത ബാറ്റിംഗുമാണ് ടീമിനെ വലച്ചത്. ശ്രീലങ്കയോടും സിംബാബ്‌വെയോടും തോൽവി ഏറ്റുവാങ്ങിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഒമാനെതിരായ അവസാന മത്സരം ഓസീസിന് കേവലം ചടങ്ങുമാത്രമാണ്.
സൂപ്പർ എയിറ്റിലേക്ക് യോഗ്യത നേടിയെങ്കിലും രണ്ട് വട്ടം ലോകകിരീടം ചൂടിയ ഇംഗ്ലണ്ടിന് ഇത് മോശം സമയമാണ്. നേപ്പാളിനെതിരെ വെറും നാല് റണ്ണിന്റെ കഷ്ടിച്ചുള്ള ജയവും ഇറ്റലിക്കെതിരായ വിജയവും ടീമിന്റെ ഫോമിനെ ചോദ്യം ചെയ്യുന്നവയായിരുന്നു. അസോസിയേറ്റ് രാജ്യങ്ങൾക്കെതിരെ പോലും ബാറ്റിംഗ് തകർച്ച നേരിട്ട ഇംഗ്ലണ്ടിന്റെ പ്രകടനം സൂപ്പർ എയിറ്റ് പോരാട്ടങ്ങളിൽ ആത്മവിശ്വാസം നൽകുന്നതല്ലെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |