
കോട്ടയം : പ്രതീക്ഷിച്ചതിലും ശക്തമായി ഇടിമിന്നലിന്റെ അകമ്പടിയിലെത്തിയ വേനൽ മഴയിൽ കർഷക മനസ് വേവുകയാണ്. പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് നൂറുകണക്കിന് പാടങ്ങളിൽ കൊയ്ത് കൂട്ടിയ നെല്ല് മഴ നനയാതെ സംരക്ഷിക്കാനുള്ള തത്രപ്പാട് ഒരുവശത്ത് , അവശേഷിക്കുന്ന നെല്ല് വീഴാതെ കൊയ്‌തെടുക്കാൻ കഴിയമോയെന്ന ആശങ്ക മറുവശത്ത്. കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലെ പ്രധാന പാടശേഖരങ്ങളിലെല്ലാം കൊയ്ത്ത് അവശേഷിക്കുകയാണ്. കൃഷിയുടെ തുടക്കത്തിൽ മഴ ശല്യമില്ലാതിരുന്നതിനാൽ താരതമ്യേന മികച്ച വിളവ് ഇത്തവണ ലഭിച്ചിരുന്നു. കൊയ്ത്തിന്റെ ആദ്യഘട്ടം സുഗമമായി മുന്നേറിയിരുന്നു. മഴ പ്രവചനമുണ്ടായതിനാൽ രണ്ടു ദിവസമായി കർഷകർ പാടത്ത് കരുതലിലായിരുന്നു. ആദ്യ വേനൽ മഴയ്ക്ക് മുമ്പേ മിക്ക കർഷകരും കൊയ്ത നെല്ല് മൂടിയിരുന്നു. എന്നാൽ, വരും ദിവസങ്ങളിൽ മഴ തുടർന്നാൽ ഈ നെല്ല് ഉണക്കിയെടുക്കാനാകില്ല.
ഈർപ്പം കൂടിയാൽ കിഴിവ് കൊള്ള
നെല്ല് ഉണങ്ങിയില്ലെങ്കിൽ കർഷകർക്ക് തിരിച്ചടിയാകും. ഈർപ്പത്തിന്റെ പേരിൽ സംഭരണത്തിൽ തടസം സൃഷ്ടിക്കുന്ന മില്ലുകാർ തർക്കം ശക്തമാക്കും. നിലവിൽ മൂന്നും നാലും കിലോ കിഴിവിൽ നെല്ല് നൽകുന്ന കർഷകർ കിഴിവിൽ വൻ വർദ്ധനവ് വരുത്തേണ്ട സാഹചര്യവുമുണ്ടാകും. മുൻവർഷങ്ങളിൽ കിഴിവ് കൊള്ളയിൽ കർഷകർക്ക് വൻനഷ്ടമാണുണ്ടായത്. പലയിടങ്ങളിലും നെല്ല് എടുക്കാൻ തയ്യാറാകാതെ മില്ലുടമകൾ വിലപേശിയത് പ്രതിഷേധത്തിനും ഇടയാക്കി.
നെൽമണികൾ കിളിർത്ത് നശിക്കും
കൊയ്യാനുള്ളത് പാതി മുതൽ പൂർണ വിളവെത്തിയ നെല്ല്
നെൽ മണികളുടെ ഭാരത്തിൽ ചെടികൾ ഒടിഞ്ഞു വീഴും
മഴ കനത്താൽ പാടശേഖരങ്ങളിൽ വെള്ളം കയറും
സംഭരിച്ചത് : 23359 ടൺ നെല്ല്
സംഭരിക്കാനുള്ളത് ഇതിന്റെ മൂന്നിരട്ടി
സംഭരിച്ചത് 7180 കർഷകരിൽ നിന്ന് 70.35 കോടിയുടെ നെല്ല്
കൊടുത്തത് 49 കോടി, കുടിശിക: 21.30 കോടി
'' വേനൽമഴ മറ്റ് കർഷകർക്ക് ആശ്വാസമാകുമ്പോൾ നെൽകർഷകർക്ക് ആശങ്കയാണ്. നെല്ല് സംഭരണം ഊർജ്ജിതമാക്കുകയാണ് ഏക പോംവഴി.
അജയൻ തിരുവാർപ്പ്, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |