
കോട്ടയം : തടസങ്ങൾ ഒന്നിന് പിറകെ ഒന്നായി വരികയാണ്. ആശങ്കകൾക്കിടയിലൂടെയാണ് ജില്ലയിലെ നെൽക്കർഷകർ കടന്നുപോകുന്നത്. വേനൽമഴയ്ക്കിടെ കൊയ്ത് കൂട്ടിയ പ്രതീക്ഷകൾ സംഭരിക്കാനാളില്ലാതെ പാടത്ത് കൂടിക്കിടക്കുകയാണ്. 210 ഏക്കറോളം വരുന്ന കടുത്തുരുത്തി മധുരവേലി പടിഞ്ഞാറേ പാടശേഖരത്ത് കൊയ്‌ത്ത് കഴിഞ്ഞു ഒരാഴ്ചയായി. എഴുപതോളം കർഷകരുടെ മുപ്പത് ലോഡ് നെല്ല് ഏറ്റെടുക്കാൻ മില്ലുകാർ തയ്യാറാകുന്നില്ല. ആലപ്പുഴയിലെ രണ്ട് സ്വകാര്യമില്ലുകാരെ ചുമതലപ്പെടുത്തിയെന്ന് പാഡി ഓഫീസർ അറിയിച്ചിട്ട് ഒരാഴ്ചയായി. കഴിഞ്ഞ ദിവസത്തെ മഴയോടെ നെല്ല് മുളക്കാൻ തുടങ്ങി. മഴ തുടർന്നാൽ നെല്ല് നശിക്കും. 120 ഏക്കറുള്ള തലയോലപ്പറമ്പ് വടക്കേ പുതുശേരി പാടശേഖരത്ത് 80 കർഷകരുടെ നെല്ലാണ് കൂട്ടിയിട്ടിരിക്കുന്നത്. പാടത്തുനിന്ന് നെല്ല് കരയ്ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. 2000 രൂപയാണ് കൂലി ആവശ്യപ്പെടുന്നത്. 80 ഏക്കറള്ള നടുകരിയിലും 94 ഏക്കറുള്ള കോലത്താറിലും കൊയ്ത്താകാറായി. പാടത്ത് വെള്ളം നിറഞ്ഞ് നെല്ല് നശിക്കാതിരിക്കാൻ കർഷകർ പമ്പിംഗ് തുടങ്ങി.
മഴ തുടർന്നാൽ മില്ലുകാർക്ക് ചാകര
കൊയ്ത്തിന്റെ തുടക്കത്തിൽ നന്നായി ഉണങ്ങിയ നെല്ലിന് 3 - 4 കിലോവരെ കിഴിവാണ് മില്ലുകളുടെ ഏജന്റുമാർ ആവശ്യപ്പെട്ടത്. മഴയിൽ നെല്ല് നനഞ്ഞാൽ കിഴിവ് ഇരട്ടിയാക്കും. കർഷകർ ആദ്യ ഘട്ടത്തിൽ ഇത് അംഗീകരിക്കല്ലെങ്കിലും മഴ ശക്തമായി നെല്ല് നനഞ്ഞു കിളിർത്തു തുടങ്ങിയാൽ ഇത് അംഗീകരിക്കാൻ കർഷകർ നിർബന്ധിതരാകും. ഈ സാഹചര്യമുണ്ടാക്കാനാണ് മില്ലുകാരുടെ ശ്രമം. വർഷങ്ങളായി നെൽക്കൃഷി ചെയ്യുന്നുണ്ടെങ്കിലും സംഭരിക്കുന്നതിന് മില്ലുടമകളുടെ കാലും കൈയ്യും പിടിക്കേണ്ട ഗതികേടിലാണെന്ന് കർഷകർ പറയുന്നു.
ഇതുവരെ സംഭരിച്ചത് : 23359 ടൺ നെല്ല്
''നെല്ലിൽ കൂടുതൽ ഈർപ്പം കണ്ടെത്തി കൂടുതൽ കിഴിവ് ഈടാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സംഭരണം വൈകിപ്പിക്കുന്നത്. വായ്പയെടുത്ത് കൃഷി ചെയ്ത കർഷകരുടെ ആറുമാസത്തെ പ്രയത്നമാണ് മഴ പെയ്താൽ നഷ്ടമാകുന്നത്. എത്രയും വേഗം നെല്ല് സംഭരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം
എം.പി.രാധാകൃഷ്ണൻ
(കിസാൻ സഭ മണ്ഡലം സെക്രട്ടറി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |