
* ചെളി വിനോദ് എന്ന വിനോദ് ആന്റണിയെ നാടുകടത്തിയത് 6 മാസത്തേക്ക്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥിരം കുറ്റവാളികളെ കാപ്പചുമത്തി നാടുകടത്തുകയും ജയിലിൽ അടക്കുകയും ചെയ്യുന്ന നടപടിക്ക് തുടക്കമായി. റൗഡി പട്ടികയിൽപ്പെട്ടവരെ പൊലീസ് സ്റ്റേഷനുകളിൽ വിളിച്ചുവരുത്തി തൽസ്ഥിതി പരിശോധിച്ച് ഈ മാസം തുടക്കത്തിൽ വിട്ടയച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നിരന്തരം ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ കാപ്പ ചുമത്തിത്തുടങ്ങിയത്.
കൊലപാതകം, വധശ്രമം ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായ നെട്ടൂർ കടവിൽവീട്ടിൽ ചെളിവിനോദ് എന്ന ഇരട്ടപ്പേരിലറിയപ്പെടുന്ന വിനോദ് ആന്റണിയെ (37) ഇന്നലെ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്തി. പനങ്ങാട്, പാലാരിവട്ടം, കടവന്ത്ര, ഹിൽപാലസ് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ പ്രതിയാണ്. ബാറിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഹിൽപാലസിൽ കേസുള്ളത്. അടിപിടി, മയക്കുമരുന്നു കേസുകളിലും പ്രതിയായി ജാമ്യത്തിൽ കഴിയുകയാണ്.
തിരഞ്ഞെടുപ്പ് കാലത്ത് ഇയാളുടെ സാന്നിദ്ധ്യം പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കുമെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് കാപ്പ ചുമത്താൻ തീരുമാനിച്ചത്. ജാമ്യത്തിൽ കഴിയുന്ന വിനോദ് നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാടുകടത്തിയത്. ആറുമാസ കാലയളവിൽ സിറ്റി പൊലീസ് കമ്മീഷണറുടെ അധികാരപരിധിയിൽപ്പെട്ട പ്രദേശത്ത് പ്രവേശിക്കുന്നതിനും പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിക്കുന്നത് മൂന്നുകൊല്ലംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |