
ഗുരുവായൂർ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഗുരുവായൂരപ്പന് ആയിരം കുടം കലശവും ബ്രഹ്മകലശവും അഭിഷേകം ചെയ്തു. രാവിലെ ശീവേലിയും പന്തീരടി പൂജയും പൂർത്തിയായതോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കലശ ചടങ്ങുകൾക്ക് തുടക്കമായി. ദ്രവ്യങ്ങൾ നിറച്ച് പൂജ നടത്തി ചൈതന്യവത്താക്കിയ ആയിരം കലശക്കുടങ്ങൾ കീഴ്ശാന്തി നമ്പൂതിരിമാർ കൈമാറി ശ്രീലകത്തെത്തിച്ച് ദേവന് അഭിഷേകം ചെയ്തു. തുടർന്ന് വെഞ്ചാമരം, മുത്തുക്കുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകമ്പടിയിൽ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. മേൽശാന്തി സുധാകരൻ നമ്പൂതിരി ബ്രഹ്മകലശവും ഓതിക്കന്മാരായ കക്കാട് വാസുദേവൻ നമ്പൂതിരി കുംഭേശകലശവും കർക്കരി കലശം ശാന്തിയേറ്റ കീഴ്ശാന്തി മാഞ്ചിറ കൃഷ്ണപ്രസാദ് നമ്പൂതിരിയും എഴുന്നള്ളിച്ചു. തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടാണ് തന്ത്രിമുഖ്യൻ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിലാണ് ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തിൽ അഭിഷേകം ചെയ്തത്. ബ്രഹ്മകലശാഭിഷേകത്തിന് ശേഷം തന്ത്രി കൃഷ്ണൻ നമ്പൂതിരിപ്പാട് ഉച്ചപൂജയും നിർവഹിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി.നായർ, കെ.എസ്.ബാലഗോപാൽ, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺ കുമാർ എന്നിവർ സന്നിഹിതരായി. ഇന്ന് രാത്രി പൂയം നക്ഷത്രത്തിലാണ് പത്തു ദിവസം നീണ്ട് നിൽക്കുന്ന ക്ഷേത്രോത്സവത്തിന് കൊടിയേറുക. ഉത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ആനയോട്ടം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |