അനുവദിച്ചത് 15.5 കോടി, പൂർത്തിയായത് 5.5 കോടിയുടെ പണി
വടക്കഞ്ചേരി: പാലക്കാട്ടെ മലയോര കർഷകരുടെ ഉറക്കം കെടുത്തി കാട്ടാനകൾ ജനവാസമേഖലകളിലിറങ്ങി സർവ്വനാശം വിതയ്ക്കുന്നത് തുടരുമ്പോഴും വനാതിർത്തികളിലെ സൗരോർജ്ജ വേലി നിർമ്മാണം മന്ദഗതിയിൽ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പാലക്കാട് ജില്ലയിൽ സൗരോർജ്ജ തൂക്കുവേലിക്കും സാധാരണ സൗരോർജ്ജ വേലിക്കുമായി 15.57 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ 5.51 കോടി രൂപയുടെ ജോലികൾ മാത്രമാണ് പൂർത്തിയായത്. ശേഷിച്ച 10.06 കോടി രൂപയുടെ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ്.
നിയമസഭയിൽ കെ.ഡി.പ്രസേനൻ എം.എൽ.എയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് വിവരങ്ങളുള്ളത്. ജില്ലയിൽ 96 കിലോമീറ്ററിലാണ് സൗരോർജ വേലി നിർമ്മാണം പൂർത്തിയായത്. 124.38 കിലോമീറ്റർ പൂർത്തിയാകാനുണ്ട്. ചിലയിടങ്ങളിൽ ജോലികൾ തുടങ്ങിയിട്ടില്ല. കുന്നുംമലയും കയറിയിറങ്ങിയുള്ള സൗരോർജ്ജവേലി സ്ഥാപിക്കൽ പ്രായോഗികമായി ഏറെ പ്രയാസമുള്ള ജോലിയായതിനാലാണ് വൈകുന്നതെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. പരമാവധി വേഗത്തിൽ ജോലികൾ പൂർത്തിയാക്കാനായി ശ്രമിക്കുന്നുണ്ട്.
പരിപാലനത്തിന് പണമില്ല
സൗരോർജ്ജവേലി സ്ഥാപിക്കാൻ കോടികൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവയുടെ പരിപാലനത്തിനായി തുക അനുവദിക്കാത്തത് കർഷകരിൽ ആശങ്ക ഉയർത്തുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സോളാർ വേലിയുടെ പരിചരണത്തിനായി വനംവകുപ്പ് തുക വകയിരുത്തിയിട്ടില്ല. ചുരുക്കം സ്ഥലങ്ങളിൽ പഞ്ചായത്തുകൾ തുക അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് വനംവകുപ്പ് സൗരോർജ്ജ പരിപാലനത്തിനായി ആളുകളെ നിയോഗിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ വനം വാച്ചർമാരും സൗരോർജവേലി പരിപാലിക്കുന്നുണ്ട്. പരിപാലത്തിന് കൃത്യമായ സംവിധാനം കണ്ടെത്തിയില്ലെങ്കിൽ കോടികൾ മുടക്കി സൗരോർജ്ജവേലി നിർമ്മിക്കുന്നത് പ്രയോജനമില്ലാതാകുമെന്ന് കർഷകർ പറയുന്നു. പരിപാലനം പൂർണമായി വനംവകുപ്പിന് ചെ യ്യാനാകില്ലെന്നും തദ്ദേശ സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും കൂട്ടായ സഹകരണവുമുണ്ടെങ്കിലെ കാട്ടാനശല്യം നിയന്ത്രിക്കൽ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനാകൂവെന്നും വനം വകുപ്പധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |