SignIn
Kerala Kaumudi Online
Wednesday, 04 March 2026 5.00 AM IST

വടക്കിന്റെ വേദനകൾ കല്ലിൽ അടയാളപ്പെടുത്താൻ അവശത മറന്ന് ശില്പി വീണ്ടുമെത്തി

Increase Font Size Decrease Font Size Print Page
silpam
ലോകപ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനും സഹധർമ്മിണി നളിനിയും അമ്മയും കുഞ്ഞും ശില്പത്തിനരികെ

കാസർകോട്: എൻഡോസൾഫാൻ തീമഴയിലൂടെ കാസർകോടിനുണ്ടായ വേദനകൾ കല്ലിൽ അടയാളപ്പെടുത്താൻ ശാരീരികമായ അവശതകൾ മറന്ന് ലോകപ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വീണ്ടുമെത്തി. കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പണിതുയർത്തുന്ന അമ്മയും കുഞ്ഞും ശില്പം വേഗത്തിൽ പൂർത്തിയാക്കാനാണ് കാനായി കുഞ്ഞിരാമൻ, സഹധർമ്മിണി നളിനിയുടെ കൈകളിൽ പിടിച്ച് കാഞ്ഞങ്ങാട് നിന്നും ശില്പനിർമ്മാണ സ്ഥലത്ത് എത്തിയത്.

എൻഡോസൾഫാൻ ദുരിതബാധതിരായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരും വേദനകളും പ്രതിഫലിപ്പിക്കുന്ന കൂറ്റൻ ശില്പത്തിന്റെ നിർമ്മാണം തുടങ്ങിയത് 18 വർഷം മുമ്പാണ്. സ്വപ്ന സാക്ഷാത്കാരത്തിനായി ശാരീരിക അവശതകൾ മറന്ന് എൺപത്തിയേഴാം വയസിലും അഹോരാത്രം പാടുപെടുന്ന കാനായി, കോൺക്രീറ്റിൽ പണിയുന്ന 'അമ്മയും കുഞ്ഞും' ശില്പത്തിന്റെ അവസാന മിനുക്കുപണിയിലാണ്. 40 അടിയോളം ഉയരമുള്ളതാണ് ശില്പം.

കഴിഞ്ഞ ഏപ്രിൽ മാസമുണ്ടായ വീഴ്ചയെ തുടർന്ന് മാസങ്ങളോളം കാനായി കുഞ്ഞിരാമൻ മംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായതോടെ ശില്പനിർമ്മാണം മുടങ്ങിയിരുന്നു. നടക്കുന്നതിനും കൂടുതൽ സമയം നിൽക്കുന്നതിനും പ്രയാസമുണ്ട്. ഭാര്യ നളിനിയുടെ കൈത്താങ്ങിലാണ് മേൽനോട്ടം. ശില്പത്തിന്റെ തണൽ കിട്ടുന്ന ഭാഗത്ത് ഇരുന്ന് ആവശ്യമായ നിർദ്ദേശം നൽകുന്നു. തമിഴ് നാട്ടിലെ മാർത്താണ്ഡത്തിൽ നിന്നുള്ള നാല് തൊഴിലാളികൾ ശില്പത്തിന്റെ പുറംഭാഗം മിനുക്കുന്ന പ്രവൃത്തിയിലാണ് ഇപ്പോൾ.

ഏറെ നീണ്ട ശില്പ നിർമാണം

ഇത്രയും പ്രതിസന്ധി നേരിട്ട, ഇത്രയും വർഷങ്ങൾ നീണ്ടുപോയ ഒരു ശില്പ നിർമ്മാണം ഇതുവരെ ചെയ്തിട്ടില്ലെന്ന് ശില്പത്തിന്റെ തണലിൽ ഇരുന്നുകൊണ്ട് കാനായി കുഞ്ഞിരാമൻ പറയുന്നു. ജീവിതത്തിൽ ചെയ്തിട്ടില്ലെന്ന് പൂരിപ്പിക്കുന്നു ഭാര്യ നളിനി. മടുത്തുപോയി, എങ്ങിനെയെങ്കിലും ഒന്ന് പൂർത്തിയായാൽ മതിയായിരുന്നു എന്ന് ചിന്തിക്കാത്ത ദിവസങ്ങളില്ല നളിനി പറഞ്ഞു. സ്ഥലനിർണ്ണയത്തിന്റെ പ്രശ്നം, സാമ്പത്തിക വിഷയം, എതിർപ്പുകൾ, ശില്പത്തിന്റെ സൗന്ദര്യം കളയുന്ന മാതിരി കെട്ടിടസമുച്ചയ നിർമ്മാണം അങ്ങനെ എന്തെല്ലാം വന്നുഭവിച്ചു. അതിനിടയിൽ വീഴ്ചയും സംഭവിച്ചു. അന്തിമഘട്ടത്തിൽ എത്തിയ ശില്പത്തിന്റെ നിർമ്മാണം മാർച്ച് മാസത്തിൽ തന്നെ പൂർത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കാനായി കുഞ്ഞിരാമൻ 'കേരള കൗമുദി'യോട് പറഞ്ഞു.

ലോകപ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനും സഹധർമ്മിണി നളിനിയും അമ്മയും കുഞ്ഞും ശില്പത്തിനരികെ

TAGS: LOCAL NEWS, KASARGOD, KANAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.