കണ്ണൂർ: മധ്യപൂർവ്വേഷ്യ യുദ്ധത്തിലേക്ക് നീങ്ങിയതോടെ അതിന്റെ കെടുതി പ്രവാസികൾ മാത്രമല്ല അനുഭവിക്കുന്നത്. നാട്ടിലുള്ളവരും അനുഭവിക്കാൻ തുടങ്ങി. കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട തൊഴിലാളികൾ, കച്ചവടക്കാർ, ടാക്സി തൊഴിലാളികൾ തുടങ്ങിയ വിവിധ മേഖലകളിലുള്ളവരുടെ വരുമാനവും തൊഴിലും ഇല്ലാതാകുകയാണ്. പഴം, പച്ചക്കറി മേഖലയുടെ കയറ്റുമതി നിലച്ചതോടെ ഏകദേശം 500ലധികം പേരുടെ തൊഴിലാണ് ഇല്ലാതായത്. സംഘർഷം കൂടുതൽ ദിവസങ്ങളിലേക്കോ ആഴ്ചകളിലേക്കോ നീങ്ങിയാൽ നിരവധി പേരുടെ വരുമാനമാണ് നിലയ്ക്കുക. വിമാനത്താവളത്തെ ആശ്രയിക്കുന്ന മിക്ക തൊഴിലാളികളും മറ്റ് തൊഴിൽ തേടി പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
തൊഴിൽ മേഖലയ്ക്കെന്നപോലെ കയറ്റുമതി മേഖലയ്ക്കും കനത്ത ആഘാതമാണ് ഉണ്ടായിരിക്കുന്നത്. പഴം,പച്ചക്കറി എന്നിവയുടെ കയറ്റുമതിയാണ് നിലച്ചത്. ജില്ലയിലെ മലയോര മേഖലയിലുള്ള പ്രവാസികൾ കൂടുതലും കൈകാര്യം ചെയ്യുന്ന വിപണികളാണിത്. ദിവസവും 20 മുതൽ 50 ടൺ വരെയുള്ള പച്ചക്കറികളും പഴങ്ങളുമാണ് ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാറുള്ളത്. യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഗൾഫിലേക്കുള്ള വിമാന സർവ്വീസ് റദ്ദാക്കിയതോടെ യു.എ.ഇ, ഖത്തർ, ഒമാൻ, സൗദി എന്നീ രാജ്യങ്ങൾ കയറ്റുമതിയും നിർത്തിവച്ചിരുന്നു. ഇതുമൂലം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് കയറ്റി അയയ്ക്കേണ്ട പഴവും പച്ചക്കറികളും കെട്ടിക്കിടക്കുകയാണ്.
കർഷകരിൽ ആശങ്ക
പച്ചക്കറിയും, പഴങ്ങളും വേഗത്തിൽ നശിക്കുന്നതിനാൽ ഗൾഫിലേക്കുള്ള കയറ്റുമതി നിലച്ചത് വ്യാപാരികളെയും കർഷകരെയും ഗുരുതരമായി ബാധിക്കും. ഗൾഫ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായാൽ കൃഷിക്കായി ഇറക്കിയ മുടുക്കുമുതൽ പോലും ലഭിക്കില്ലെന്നും ഭീമമായ നഷ്ടം സഹിക്കേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്. പല കർഷകരും വായ്പയെടുത്താണ് കൃഷി ചെയ്തത്.
കണ്ണൂർ വിമാനത്താവളത്തിന് നഷ്ടം 6 കോടി
ഗൾഫ് മേഖലയിലേക്കുള്ള വ്യോമപാത അടച്ചതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇതുവരെ റദ്ദാക്കിയത് 36 സർവീസുകൾ. നാല് ദിവസം കൊണ്ട് കണ്ണൂർ വിമാനത്താവളത്തിന് നഷ്ടം 6 കോടി രൂപയ്ക്ക് മുകളിലാണ്. തിങ്കളാഴ്ച കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ 16 സർവീസുകളാണ് റദ്ദാക്കിയത്. ജി.സി.സിയിലേക്ക് മടങ്ങി പോകേണ്ടവരും എത്തിച്ചേരേണ്ടവരുമെല്ലാം പ്രതിസന്ധിയിലായി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മാത്രം മുടങ്ങിയത് 6,000 പേരുടെ യാത്ര. യാത്ര മുടങ്ങിയവർക്ക് റീ ഫണ്ട് നൽകുകയോ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് അനുവദിക്കുകയോ ചെയ്യുമെന്ന് നിലവിലെ അവസ്ഥയിൽ ഇൻഡിഗോ, എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ അറിയിച്ചിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |