
തൃശൂർ: ബസിൽ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശിനി കുന്നംകുളത്ത് പിടിയിൽ. രേണു ബഹറ (45) ആണ് കുന്നംകുളം പൊലീസിന്റെയും തൃശൂർ ഡാൻസാഫ് ടീമിന്റെയും പിടിയിലായത്. ഇവരുടെ കെെവശമുണ്ടായിരുന്ന രണ്ടുബാഗുകളിൽ നിന്നായി ഏകദേശം നാലുകിലോയോളം കഞ്ചാവ് പിടിച്ചെടുത്തു.
ഇന്ന് ഉച്ചയ്ക്ക് കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തൃശൂരിൽ ഇറങ്ങിയ യുവതി അവിടെ നിന്ന് സ്വകാര്യ ബസിൽ കയറുകയായിരുന്നു. ട്രെയിനിൽ നിന്ന് ഇറങ്ങിയ യുവതിയെ ഷാഡോ പൊലീസ് പിന്തുടർന്നിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു രേണു. ഒഡീഷയിൽ നിന്ന് സ്ഥിരമായി കഞ്ചാവ് എത്തിച്ച് കുന്നംകുളം, വടക്കേക്കാട് മേഖലകളിൽ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് സൂചന.
അതേസമയം, കഴിഞ്ഞദിവസം സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 520 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. പുറത്തൂർ ആശുപത്രിപടി സ്വദേശി പെന്റാം വേലിപ്പുര വീട്ടിൽ പി വി മുഹമ്മദ് ഷാനിയെയാണ് (30) തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്.സുജിത്തും സംഘവും പിടികൂടിയത്. പുറത്തൂർ ബസ്റ്റാന്റിന് സമീപത്തെ ഓപ്പൺ ജിംനേഷ്യത്തിന്റെ മുൻവശത്തുവച്ചിരുന്ന സ്കൂട്ടറിലാണ് കഞ്ചാവ് സൂക്ഷിച്ചത്. പ്രതി സ്കൂട്ടറിൽ സൂക്ഷിച്ച 520 ഗ്രാം കഞ്ചാവിനു പുറമേ 2000 രൂപയും പിടികൂടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |