
കൊച്ചി: രാജ്യത്തെ തിരഞ്ഞെടുപ്പ് പരിവർത്തനങ്ങൾക്ക് പലതിനും തുടക്കം കുറിച്ചത് കേരളമെന്ന് അനുസ്മരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാർ. മാതൃകാ പെരുമാറ്റച്ചട്ടം 1960കളിൽ ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണ്. പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റെടുക്കുകയായിരുന്നു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം 1982ൽ ആദ്യം പരീക്ഷിച്ചത് പറവൂർ മണ്ഡലത്തിലാണ്. കേരളമാണ് ജനാധിപത്യത്തിന്റെ പല പാഠങ്ങളും ദേശത്തിന്റെ പല ഭാഗങ്ങളിലേക്കും പകർന്നത്. തിരഞ്ഞെടുപ്പു കാലത്തെ വ്യാജപ്രചാരണങ്ങളിൽ കേരളത്തിലെ വോട്ടർമാർ വീഴില്ലെന്നും വിവേകമതികളാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേരളമായിരുന്നു 18 വർഷം തന്റെ കർമ്മഭൂമിയെന്ന് എറണാകുളം മുൻ ജില്ലാ കളക്ടർ കൂടിയായ അദ്ദേഹം ഓർത്തു. നേരത്തേ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടന്ന പരിപാടിയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറും സഹ കമ്മിഷണർമാരും ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും ബൂത്ത് ലെവൽ ഓഫീസർമാരുമായും ആശയവിനിമയം നടത്തി.
ബി.എൽ.ഒമാരെ പൊന്നാടയണിയിക്കുകയും ചെയ്തു. മുതിർന്ന വോട്ടറായ 96കാരി പി.ബി. വിശാലം, പുതിയ വോട്ടർമാരായ അമൃത, സാറ, ട്രാൻസ്ജെൻഡർ വോട്ടർ ഷെറിൻ, ഭിന്നശേഷി അവകാശ പ്രവർത്തകൻ രാജീവ് പള്ളുരുത്തി തുടങ്ങിയവരെ ആദരിച്ചു.
ചെറായി ബീച്ചിലെത്തി,
ഓർമ്മത്തിരകളിൽ മുങ്ങിതന്റെ പഴയ തട്ടകത്തിലെ ഓർമ്മകൾ പുതുക്കാൻ ചെറായി ബീച്ചിലേക്ക് മടക്കയാത്ര നടത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. കൊച്ചി സന്ദർശനത്തിന്റെ മൂന്നാം ദിനമായ ഇന്നലെ രാവിലെ ചെറായി സന്ദർശിച്ച് കടൽത്തീര കാഴ്ചകൾ ആസ്വദിച്ചു.
ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച കാലത്ത് താൻ ഹൃദയത്തോട് ചേർത്തുപിടിച്ച് നടപ്പിലാക്കിയ വികസന പദ്ധതികളെ നേരിട്ടുകണ്ട് വിലയിരുത്തി. കടൽ തീരത്തെ നടപ്പാതയിൽ കണ്ടവരോട് സംസാരിക്കുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവരെയും ഓർമ്മിപ്പിച്ചു.
ജില്ലാ കളക്ടർ ജി. പ്രിയങ്ക, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽകർ, അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ പാർവതി ഗോപകുമാർ, സബ് കളക്ടർ ഗ്രന്ധേ സായി കൃഷ്ണ, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, റണ്ണേഴ്സ് ക്ലബ് ഭാരവാഹികൾ, ചെറായി വായനശാല ഭാരവാഹികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |