
പറവൂർ: പറവൂർ നഗരത്തിലെ ഏറ്റവും തിരക്കേറിയ ചേന്ദമംഗലം, മുനിസിപ്പൽ കവലയെ ഗതാഗത കുരുക്കിലാക്കുകയാണ് അടിക്കടിയുണ്ടാകുന്ന സിഗ്നൽ തകരാറുകൾ. ഫെബ്രുവരിയിൽ ഒരാഴ്ച്ചക്കാലം പൂർണമായും സിഗ്നൽ ലൈറ്റുകൾ നിലച്ചിരുന്നു. പിന്നീട് നന്നാക്കിയെങ്കിലും വർഷങ്ങളുടെ പഴക്കമുള്ള സിഗ്നൽ ലൈറ്റുകൾ പൂർണമായും നന്നാക്കാൻ പറ്റിയിട്ടില്ല. വാഹനങ്ങൾ ഇടിച്ച് പലവശത്തെയും സിഗ്നലുകൾ തകർന്നു. ഇവയൊന്നും പിന്നീട് പുന:സ്ഥാപിച്ചിട്ടുമില്ല. പലഭാഗത്തെയും ലൈറ്റുകൾ മുഴുവൻ പ്രവർത്തിക്കുന്നില്ല. തുടക്കത്തിൽ സോളാർ സംവിധാനം ഉണ്ടായിരുന്നെങ്കിലും പിന്നീട് ബാറ്ററികൾ മാറ്റാത്തതിനാലാണ് മിക്കതും പ്രവർത്തിക്കാത്തത്.
പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകളുടെ പരിപാലനം പൊലീസ് വകുപ്പിന്റെ കീഴിലുള്ള റോഡ് സേഫ്ടി വിഭാഗത്തിനാണ്. സിഗ്നൽ തകരാറിലായാൽ റോഡ് സേഫ്ടി വിഭാഗത്തിനെ അറിയിക്കാറുണ്ട്. എന്നാൽ റോഡ് സേഫ്ടി വിഭാഗം വർഷങ്ങളായി തിരിഞ്ഞുനോക്കാറില്ല. നിലവിൽ നഗരസഭയും പൊലീസും ചേർന്നാണ് സിഗ്നൽ ലൈറ്റിന്റെ തകരാർ പരിഹരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് വലിയ തകരാർ സംഭവിച്ചപ്പോൾ നഗരസഭ രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് സിഗ്നൽ നന്നാക്കിയത്.
തലങ്ങും വിലങ്ങും പാഞ്ഞ് വാഹനങ്ങൾ
സിഗ്നൽ സംവിധാനത്തിലെ കുഴപ്പങ്ങൾ ആദ്യമായി നഗരത്തിലെത്തുന്ന ഡ്രൈവർമാരെ കുഴക്കുന്നുണ്ട്. സിഗ്നൽ നിന്നതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്നത് അപകടഭീഷണി ഉയർത്തുന്നു. വൈദ്യുതി നിലച്ചാൽ സിഗ്നൽ പ്രവർത്തിക്കാതെയാകും. സിഗ്നൽ ഇല്ലാത്തതിനാൽ രാത്രി സമയങ്ങളിൽ അപകടസാദ്ധ്യത ഏറെയാണ്. പകൽസമയത്ത് ട്രാഫിക് ഹോം ഗാർഡുകൾ ഉണ്ടെങ്കിലും ഗതാഗതം നിയന്ത്രിക്കാൻ പാടുപെടാറുണ്ട്.
പുതിയ സിഗ്നൽ ഉടൻ വരും
ചേന്ദമംഗലം, മുനിസിപ്പൽ കവലകളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പുതിയ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. 20 ലക്ഷം ചെലവിലാണ് ആധുനിക സംവിധാനമുള്ള സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നത്. മുനിസിപ്പൽ ജംഗ്ഷനിൽ മൂന്ന് ഭാഗത്തും ചേന്ദമംഗലം കവലയിൽ നാല് ഭാഗത്തും വാഹനങ്ങൾ കടന്നുപോകുന്നതിനും കാത്തുനിൽക്കുന്നതിനുമുള്ള സമയം പ്രദർശിപ്പിക്കുന്ന ടൈമർ ലൈറ്റുകളും പുതിയ സിഗ്നലിൽ ഉണ്ടാവും. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള പ്രത്യേകം ലൈറ്റിംഗും വൈദ്യുതി നിലച്ചാൽ സോളാറിലും പ്രവർത്തിക്കുന്ന സംവിധാനമുള്ള സിഗ്നലുകളാണ് സ്ഥാപിക്കുന്നത്.
ചേന്ദമംഗലം, മുനിസിപ്പൽ കവലകളിൽ ആധുനിക സംവിധാനങ്ങളോടെയുള്ള സിഗ്നൽ ലൈറ്റുകൾ ഉടനെ സ്ഥാപിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.
രമേഷ് ഡി. കുറുപ്പ്,
ചെയർമാൻ
പറവൂർ നഗരസഭ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |