വടക്കഞ്ചേരി: കാർഷിക മേഖലയിലെ പുതുമകളിലൂടെ ശ്രദ്ധേയനായ കിഴക്കഞ്ചേരി കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജു തോമസിന്റെ തോട്ടത്തിൽ ഈ വർഷവും കൗതുകമായി വീണ്ടും വിരിഞ്ഞു നിൽക്കുകയാണ് 'താമരച്ചക്ക". ഒരൊറ്റ പ്ലാവിൽ തന്നെ ആയിരത്തിലധികം കുഞ്ഞൻ ചക്കകൾ കായ്ച്ചുനിൽക്കുന്ന അപൂർവ കാഴ്ച എല്ലാവരെയും ഒരുപോലെ ആകർഷിക്കുകയാണ്.
സാധാരണ പ്ലാവുകളിൽ നിന്ന് വ്യത്യസ്തമായി, ഈ പ്ലാവിൽ ചക്കകൾ കുലകളായാണ് വിരിയുന്നത്. അടക്കക്കുല പോലെ തിങ്ങിനിറഞ്ഞ കുലകളിൽ 20ഓളം ചക്കകൾ വരെ കാണാം. ഓരോ കുലയിലും പല വലിപ്പത്തിലുള്ള ചക്കകളുണ്ട്. അടക്കയുടെ വലിപ്പമുള്ള കുഞ്ഞൻ ചക്ക മുതൽ ചെറിയ തേങ്ങയുടെ വലിപ്പം വരെ ഉള്ളവയാണ് ഇവ. പെരുമ്പാവൂരിൽ നിന്ന് കൊണ്ടുവന്ന ഉണ്ടച്ചക്കയുടെ കൊമ്പ്, നാട്ടിൽ വളർന്ന നാടൻ ചക്കക്കുരുവിൽ മുളപ്പിച്ച തൈയിൽ ബഡ് ചെയ്താണ് സാജു ഈ 'താമര പ്ലാവ്' വളർത്തിയെടുത്തത്.
പ്രത്യേകതകൾ ഏറെ
ചെറിയ ചക്കകളിൽ ഒരു ചുള മാത്രമേ ഉണ്ടാകൂ
വലിയവയിൽ 20 മുതൽ 30 വരെ ചുളകൾ ലഭിക്കും
സാധാരണയായി ഒരു ചക്കയ്ക്ക് ഏകദേശം ഒരു കിലോ വരെ തൂക്കം വരും
സാധാരണ ചക്കയെക്കാൾ രുചിയും മണവും കൂടുതലാണ്.
മുളപ്പിച്ച് അഞ്ചാം വർഷം മുതലാണ് പ്ലാവിൽ ചക്ക കായ്ച്ചുതുടങ്ങിയത്. ഇപ്പോൾ വിളഞ്ഞുനിൽക്കുന്ന ഈ പ്ലാവിൽ ആയിരത്തിലധികം ചക്കകൾ ഉണ്ടെന്നാണ് കണക്കുകൂട്ടൽ. 'നാനോ' വലിപ്പത്തിലുള്ള ഈ ചക്കകൾ വിഷു കണിയൊരുക്കാനും ഏറെ സൗകര്യപ്രദമാണ്.
സാജു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |