SignIn
Kerala Kaumudi Online
Saturday, 25 April 2026 8.14 PM IST

മലയോര മേഖലകളിൽ വന്യജീവി ആക്രമണം രൂക്ഷം

Increase Font Size Decrease Font Size Print Page

പാലോട്: മലയോര മേഖലകളിൽ വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെട്ട് മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കുറവല്ല. പുലർച്ചെ തൊഴിൽ തേടി പുറത്തിറങ്ങുന്ന തൊഴിലാളികളെയാണ് കാട്ടുപോത്തും കാട്ടാനയും കാട്ടുപന്നിയും ക്രൂരമായി ആക്രമിക്കുന്നത്. വന്യമൃഗങ്ങൾ പകലും രാത്രിയും ഏതാണ്ട് നിരത്തുകൾ കയ്യടക്കിക്കഴിഞ്ഞു. നേരത്തെ കാർഷിക വിളകൾ മാത്രം നശിപ്പിച്ചിരുന്ന വന്യമൃഗങ്ങൾ മനുഷ്യരെയും ആക്രമിക്കുന്നുണ്ട്.

വിതുര,പെരിങ്ങമ്മല,നന്ദിയോട്,പാങ്ങോട് പഞ്ചായത്തുകളിലാണ് ഏറ്റവുമധികം കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. റബർ തോട്ടം നിറയെ കാട്ടുപോത്തുകളും മ്ലാവുകളുമാണ്. ജോലിക്ക് പോകുന്ന പാതയിലാകട്ടെ കാട്ടുപന്നി ശല്യവും. നന്ദിയോട് പഞ്ചായത്തിലെ പുലിയൂരിൽ ഒരേക്കറോളം സ്ഥലത്ത് പിടിപ്പിച്ച റബർതൈകൾ പൂർണ്ണമായും നശിപ്പിച്ചത് മുള്ളൻപന്നിയാണ്. സമീപത്തുള്ള പുരയിടങ്ങളിൽ മരച്ചീനി ഉൾപ്പെടെയുള്ളവ നശിപ്പിച്ചത് കാട്ടാടുകളാണ്. നെടുമങ്ങാട് താലൂക്കിലെ മലയോരഗ്രാമങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ എട്ടുപേരെയാണ് കരടി ആക്രമിച്ചത്.

കൃഷിയിടങ്ങൾ കൈയേറി

സന്ധ്യയായാൽ കൃഷിയിടങ്ങൾ കാട്ടുപന്നി,ആന,മ്ലാവ്,കാട്ടുപോത്ത് എന്നിവയുടെ സ്വന്തമാണ്. വിളകളെല്ലാം ചവിട്ടിമെതിക്കും.കൃഷിയിടത്തിലിറങ്ങുന്ന പന്നിയും ആനയും കണ്ണിൽക്കാണുന്നതെല്ലാം നശിപ്പിച്ചിട്ടേ മടങ്ങൂ.പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുമുണ്ട്.

ഞാറനീലി,ഇലഞ്ചിയം,പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിനിരയായ സ്കൂൾ വിദ്യാർത്ഥികളും ഏറെയാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിലെത്തുന്നവരാണ് വന്യമൃഗ ആക്രമണത്തിൽപ്പെടുന്നത്.ഭക്ഷണം തേടി നാട്ടിലേക്കെത്തുന്ന വന്യമൃഗങ്ങൾ ആക്രമണകാരികളാകാറുണ്ട്.

ആനശല്യം രൂക്ഷം

പെരിങ്ങമല പഞ്ചായത്തിലെ മലയോര മേഖലയിൽ ആനശല്യം രൂക്ഷമാകുന്നു. ഇടവം കാട്ടിലക്കുഴി,കോളച്ചൽ നാല് സെന്റ് കോളനി,കൊന്നമൂട് പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. നിരവധി സമരങ്ങളും ധർണകളും നടത്തുകയും നിവേദനങ്ങൾ നൽകുകയും ചെയ്തെങ്കിലും നടപടിയുണ്ടായിട്ടില്ല.

ആനകൾ വീടിന് സമീപമെത്തുമ്പോൾ വനം വകുപ്പിനെ അറിയിക്കും. അഞ്ചോ ആറോ ജീവനക്കാർ എത്തിയാലും ആനയെ തുരത്താൻ കഴിയില്ല. ഒറ്റക്കും കൂട്ടമായുമെത്തുന്ന ആനകൾ കൃഷിയിടം നശിപ്പിക്കുന്നതുപോലെ കോഴിക്കൂടും വീടിന്റെ അടുക്കളയും ഉൾപ്പെടെ നശിപ്പിക്കുന്നുണ്ട്.

ആനകൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാനായി കിടങ്ങുകൾ സ്ഥാപിക്കേണ്ടതുണ്ട്. വന്യമൃഗശല്യം തടയുന്നതിനുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് ജനങ്ങൾ പറയുന്നുത്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.