
ചെങ്ങന്നൂർ: ചെറിയനാട് പടനിലം മുടവൻകുളത്ത് നിർമ്മിച്ച മത്സ്യവിപണന കേന്ദ്രം ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും തുറന്നില്ല. കാടുമൂടിക്കിടക്കുന്ന ഇവിടം ഇഴജന്തുക്കളുടെ താവളമായി മാറി. ഷെഡ് തുരുമ്പേറ്റ് നശിച്ച് തകർന്നുവീഴുകയുംചെയ്തു. 2005 -2010 കാലഘട്ടത്തിലെ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന ദിവസങ്ങളിലാണ് ഫിഷറീസ് വകുപ്പിന്റെ 10ലക്ഷംവിനിയോഗിച്ച് മത്സ്യവിപണന കേന്ദ്രം നിർമ്മിച്ചത്. പണി കഴിഞ്ഞപ്പോഴേക്കും തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പിന്നീട് അധികാരത്തിലെത്തിയ ഭരണസമിതി , കേന്ദ്രം തുറക്കാൻ നടപടി സ്വീകരിച്ചില്ല. ഫിഷറീസ് വകുപ്പും പിന്നീട് തിരിഞ്ഞുനോക്കിയില്ല. ഉദ്ഘാടനം നടന്നുമില്ല. കേന്ദ്രം ആരംഭിക്കുന്നതിനെക്കുറിച്ച് നേരത്തെ ആവശ്യം ഉയർന്നെങ്കിലും പിന്നീട് ആർക്കും താത്പര്യമില്ലാതായി. പഞ്ചായത്തിന്റെ ഹൃദയഭാഗത്തുള്ള 30സെന്റ് സ്ഥലത്താണ് മത്സ്യ വിപണന കേന്ദ്രം നിർമ്മിച്ചത്. കൂടുമൂടിയ ഇവിടം ഇപ്പോൾ പരിസരവാസികൾക്ക് ശല്യമാണ്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കും . ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇഴജന്തുക്കൾ ധാരാളമുണ്ട്.
പുതിയ പദ്ധതികൾ തുടങ്ങണം
1 മത്സ്യ വിപണനകേന്ദ്രം ഇനി തുടങ്ങാനാവാത്ത സ്ഥിതിയാണ്. ചെറിയനാട് പഞ്ചായത്തിൽ സക്കാരിന്റെ പദ്ധതികൾ നടപ്പിലാക്കാൻ സ്ഥലമില്ലെന്നാണ് പരാതി. പക്ഷേ മത്സ്യ വിപണന കേന്ദ്രത്തിന്റെ പേരിൽ ഉപയോഗമില്ലാതെ കിടക്കുന്നത് 30സെന്റ് സ്ഥലമാണ്.
2 ഇവിടം വൃത്തിയാക്കി ജനോപകാരപ്രദമായ പദ്ധതികൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഷോപ്പിംഗ് കോംപ്ലക്സ്, കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിംനേഷ്യം എന്നിവ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലമാണിത്.
3 പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമായതിനാൽ ഇവിടം മണ്ണിട്ട് ഉയർത്തിയാൽ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും.
പണം തിരിച്ചുപിടിക്കണം
പൊതുജനങ്ങളുടെ പണം നിരുത്തരവാദിത്തപരമായാണ് ബന്ധപ്പെട്ടവർ കൈകാര്യം ചെയ്തത്. പദ്ധതിക്ക് തുടക്കമിടുകയും പിന്നീട് അലംഭാവം കാട്ടുകയും ചെയ്തവരിൽ നിന്ന് ചെലവായ തുക തിരിച്ചുപിടിക്കണം. പൊതുഖജനാവിന് നഷ്ടമായ തുക പലിശ സഹിതം ഈടാക്കണം. .
ഉഷാ സതീഷ്
(വാർഡ് മെമ്പർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |