തുറവൂർ: തുറവൂർ–കുമ്പളങ്ങി റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളായി റോഡ് നിർമാണം പൂർണമായും നിറുത്തിവച്ചിരിക്കുകയാണ്. കരാറുകാരനെ പഴിചാരി രക്ഷപ്പെടാനുള്ള അധികൃതരുടെ ശ്രമത്തിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.
ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ തിരിച്ചുവിട്ടതിനെ തുടർന്നാണ് റോഡ് തകർന്നത്. ഇതേത്തുടർന്ന് ദേശീയപാത അതോറിറ്റി 2025 ഫെബ്രുവരിയിൽ കുമ്പളങ്ങി റോഡിനും തുറവൂർ–മാക്കേക്കവല റോഡിനുമായി 8.5 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് നല്കിയിരുന്നു. എന്നാൽ തുക പോരെന്ന കാരണം ചൂണ്ടിക്കാട്ടി പണി തുടങ്ങാൻ വകുപ്പ് തയ്യാറായില്ല. തുടർന്ന് ദേശീയപാത അതോറിറ്റി വീണ്ടും 36.02 ലക്ഷം രൂപ കൂടി നല്കി.
ഫണ്ട് ലഭിച്ചിട്ടും പണി ആരംഭിക്കാത്തതിനെതിരെ കേരളകൗമുദിയിൽ നിരന്തരം വാർത്തകൾ വന്നതിനെ തുടർന്ന് സെപ്തംബറിലാണ് കുമ്പളങ്ങി റോഡിന്റെ നിർമ്മാണം തുടങ്ങിയത്. തുറവൂർ കവല മുതൽ കുമ്പളങ്ങി പാലം വരെ 10.35 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ റോഡ്. കുമ്പളങ്ങി പാലം മുതൽ കരുമാഞ്ചേരി പള്ളി വരെയുള്ള ഭാഗം ടാറിംഗ് പൂർത്തിയായിട്ടുണ്ട്. കരുമാഞ്ചേരി പള്ളി മുതൽ തുറവൂർ കവല വരെയുള്ള ഭാഗമാണ് ഇനി ബാക്കിയുള്ളത്. ഈ ഭാഗങ്ങളിൽ കുഴിയടക്കൽ നടത്തിയെങ്കിലും ടാറിംഗ് പൂർത്തിയാകാത്തതിനാൽ വാഹനങ്ങൾ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്.
കഴിഞ്ഞ 11 ദിവസമായി റോഡ് നിർമാണം പൂർണമായും നിലച്ചിരിക്കുകയാണ്. കരാറുകാരന്റെ അനാസ്ഥയും ടാർ ലഭ്യതയിലെ പ്രശ്നങ്ങളും കാരണമാണെന്ന വിശദീകരണമാണ് പൊതുമരാമത്ത് വകുപ്പ് നൽകുന്നത്. ടാർ ലഭ്യമാക്കാൻ ശ്രമം തുടരുകയാണെന്നും പണി ഉടൻ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
തുറവൂർ കുമ്പളങ്ങി റോഡ് പണി പൂർത്തിയാക്കുന്ന കാര്യത്തിൽ പൊതുമരാമത്ത് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണം കുമ്പളങ്ങി റോഡിലൂടെ ദുരിത യാത്രയാണ് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ അധികൃതർ കണ്ടില്ലെന്ന് നടിക്കരുത്
അനിൽരാജ്
വല്ല്യത്തോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |