
ശക്തമായി തിരിച്ചുകയറി ഓഹരികൾ
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത തകർച്ചയിൽ വാല്യു ബയിംഗുമായി നിക്ഷേപകർ സജീവമായതോടെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ ശക്തമായി തിരിച്ചുകയറി. ഇന്നലെ മാത്രം ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് മുഖ്യ സൂചികയായ സെൻസെക്‌സ് 1,850 പോയിന്റിലധികം നേട്ടമുണ്ടാക്കി. സെൻസെക്‌സ് ഇന്നലെ 939 പോയിന്റ് നേട്ടത്തോടെ 75,502.85ൽ അവസാനിച്ചു. നിഫ്‌റ്റി 258 പോയിന്റ് ഉയർന്ന് 23,408.80ൽ എത്തി. ബാങ്കിംഗ്, ധനകാര്യ, വാഹന, എഫ്.എം.സി.ജി മേഖലകളിലെ ഓഹരികളാണ് ഇന്നലെ മുന്നേറിയത്. അതേസമയം ചെറുകിട, ഇടത്തരം ഓഹരികൾ നഷ്‌ടത്തിലാണ് വ്യാപാരം നടത്തിയത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയിൽ മികച്ച വാങ്ങൽ താത്പര്യമുണ്ടായി.
ഹോർമുസ് ഇടനാഴി തുറയ്ക്കാൻ നാറ്റോയുടെ നേതൃത്വത്തിൽ ഇടപെടലുണ്ടാകുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം നിക്ഷേപകർക്ക് ആവേശമായി. വിദേശ ഫണ്ടുകൾ വിട്ടുനിൽക്കുകയാണെങ്കിലും ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്കാണ് വിപണിക്ക് കരുത്തായത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ രണ്ട് പാചക വാതക കപ്പലുകൾ ഹോർമുസ് ഇടനാഴിയിലൂടെ ഇറാൻ കടത്തിവിട്ടതും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി.
വെല്ലുവിളികൾ ഒഴിയുന്നില്ല
1. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 104 ഡോളറിലേക്ക് ഉയർന്നു
2. ഡോളറിനെതിരെ രൂപയുടെ മൂല്യം 92.42ലേക്ക് ഇടിഞ്ഞതോടെ ഇറക്കുമതി ചെലവേറുന്നു
3. പശ്ചിമേഷ്യൻ സംഘർഷത്തിൽ ചരക്കുഗതാഗതം സ്തംഭിച്ചതിനാൽ ഉത്പന്ന ലഭ്യത കുറയുന്നു
4. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ ശക്തമായതോടെ വിദേശ നിക്ഷേപകർ പിന്മാറുന്നു
സ്‌റ്റീൽ കമ്പനികൾ പ്രവർത്തനം നിറുത്തുന്നു
പ്രകൃതി വാതക ലഭ്യത കുത്തനെ കുറഞ്ഞതോടെ രാജ്യത്തെ മുൻനിര സ്‌റ്റീൽ പ്ളാന്റുകളുടെ പ്രവർത്തനം തടസപ്പെടുന്നു. അരും ദിവസങ്ങളിൽ പ്രധാന ഉത്പാദന പ്ളാന്റ് പൂട്ടാൻ പ്രമുഖ കമ്പനിയായ ജെ.എസ്.ഡബ്‌ള്യു ഗ്രൂപ്പ് ഒരുങ്ങുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |