
കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിലെ വിചാരണ അതിവേഗം പൂർത്തിയാക്കി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നിൽ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ.പ്രതിഭയുടെ നിയമപോരാട്ടവും.
കേസിൽ പ്രതിക്കുവേണ്ടി ഹാജരായിക്കൊണ്ടിരുന്ന രണ്ട് ഹൈക്കോടതി അഭിഭാഷകർ വിചാരണയുടെ വിവിധ ഘട്ടങ്ങളിൽ മരിച്ചിരുന്നു. ഇതോടെ വിചാരണ നീട്ടിവച്ചു. വിചാരണ നീട്ടിക്കൊണ്ടുപോകാൻ പ്രതി ബോധപൂർവം പുതിയ അഭിഭാഷകനെ ഹാജരാക്കിയില്ല. ഈ തന്ത്രം തിരിച്ചറിഞ്ഞ ഡോ. പ്രതിഭ സംസ്ഥാന പൊലീസ് മേധാവിയെയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനെയും സമീപിച്ച് പ്രതിക്കെതിരെ പരാതി നൽകി. പ്രതിഭയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കൊല്ലം ജില്ലാ പ്രോസിക്യൂഷന് നിർദ്ദേശം നൽകി.
പ്രതിക്കായി എത്തിയ പുതിയ അഭിഭാഷകനും വക്കാലത്ത് ഒഴിഞ്ഞതോടെ വിചാരണ വീണ്ടും തടസപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോ. കെ.പ്രതിഭ ഹൈക്കോടതി രജിസ്ട്രാർ ജനറലിനെ സമീപിച്ച് പരാതി നൽകി. അതിന് പിന്നാലെ ഹൈക്കോടതി രജിസ്ട്രാർ റിപ്പോർട്ട് തേടിയതോടെ വിചാരണ നടപടി വേഗത പ്രാപിക്കുകയായിരുന്നു. നിലവിൽ താനൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ഡോ. കെ.പ്രതിഭ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |