കോട്ടയം : ഇരുണ്ട് വെളുത്തപ്പോഴേയ്ക്കും ജില്ലയിൽ അടിമുടി വിസ്മയം. മത്സരിക്കുമെന്ന് കരുതിയിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ ചിലർ തെറിച്ചു. അപ്രതീക്ഷിതമായി ചിലരെത്തി. എൻ.ഡി.എയിലാവട്ടെ സ്ഥാനാർത്ഥിയ്ക്ക് വോട്ടേഴ്സ് ലിസ്റ്റിൽപ്പോലും പേരില്ല. കഴിഞ്ഞ രാത്രിവരെ ഏറ്റുമാനൂരിൽ ജോസഫ് വാഴയ്ക്കനും, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് കാഞ്ഞിരപ്പള്ളിയിലും , കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പൂഞ്ഞാറിലും മത്സരിക്കുമെന്ന് ഏതാണ്ടുറപ്പിച്ചു. മൂവരുടേയും ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ അണികൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. എന്നാൽ മണിക്കൂറുകൾക്കകം അടിമുടി ട്വിസ്റ്റ്. ജോസഫ് വാഴയ്ക്കന് സീറ്റില്ല. നാട്ടകം ഏറ്റുമാനൂരിലേയ്ക്ക് മാറി. കാഞ്ഞിരപ്പള്ളിയിൽ ഒരു സമയത്തും പരിഗണിക്കപ്പെടാത്ത പ്രൊഫ.റോണി കെ.ബേബി. പൂഞ്ഞാറിലാവട്ടെ അലോഷ്യസ് സേവ്യറിന് പകരം സജി ജോസഫ്. സംഘടനാ പരിചയം, സമുദായ പരിഗണന എന്നിവയും മുതിർന്ന നേതാക്കളുടെ സമ്മർദ്ദവും ഉൾപ്പെടെ ചർച്ചയായ ശേഷമാണ് ധാരണ. ജോസഫ് വാഴയ്ക്കനെതിരെ ശക്തമായ എതിർപ്പിനൊടുവിലാണ് നാട്ടകം സുരേഷ് ഏറ്റുമാനൂരിലേയ്ക്ക് മാറിയത്. ഡി.സി.സി പ്രസിഡന്റെന്ന പരിഗണനയും മൂന്നു വർഷത്തോളമായി മണ്ഡലത്തിൽ പ്രവർത്തിക്കുകയാണെന്നതും കണക്കിലെടുത്താണ് നാട്ടകത്തെ ഒടുവിൽ ഏറ്റുമാനൂരിലേയ്ക്ക് മാറ്റിയത്.
സഭയുടെ കരുത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി
ഡി.സി.സി സെക്രട്ടറിയും കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമനിക് കോളേജിലെ അദ്ധ്യാപകനുമായ പ്രൊഫ.റോണി കെ.ബേബി സ്ഥാനാർത്ഥിയാകുന്നത് സഭയുടെ പിന്തുണയിലാണ്. ഒരുഘട്ടത്തിലും അദ്ദേഹത്തിന്റെ പേര് ഉയർന്നിരുന്നില്ല. പരിസ്ഥിതി പ്രവർത്തകനാണ്. പൊന്തൻപുഴ വനഭൂമി വിഷയവുമായി ബന്ധപ്പെട്ട് സജീവമായി. ചാനൽ ചർച്ചകളിലെ സ്ഥിര സാന്നിദ്ധ്യമാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പണിയായത് പ്രാദേശിക എതിർപ്പാണ്. പൂഞ്ഞാറിൽ രണ്ട് തവണ അലോഷ്യസിനെതിരെ പോസ്റ്റർ ഉയർന്നു. പിന്നാലെയാണ് പ്രാദേശിക നേതാവ് സജി ജോസഫിന് നറുക്കുവീണത്. ഇതിലും പ്രതിഷേധം ഉയരുന്നുണ്ട്.
ചിത്രം തെളിയാതെ എൻ.ഡി.എ
ചങ്ങനാശേരിയിൽ മുതിർന്ന നേതാവ് ബി.രാധാകൃഷ്ണമേനോൻ മത്സരിക്കുന്നത് അട്ടിമറി പ്രതീക്ഷിച്ചാണ്. മേനോന്റെ വ്യക്തിബന്ധം യു.ഡി.എഫിലെ പടലപ്പിണക്കത്തിനിടെ ഗുണകരമാകുമെന്നാണ് എൻ.ഡി.എ പ്രതീക്ഷ. അതേസമയം നടി വീണാ നായരുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലാത്തതിനാൽ മത്സരിക്കാൻ കഴിയാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ആതിര ഡി.നായർക്ക് നറുക്കു വീണു. അപ്രതീക്ഷിതമായാണ് ആതിരയുടെ പ്രവേശനം. ഇപ്പോഴും ബി.ജെ.പി പുതുപ്പള്ളി സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് മറ്റൊരു വിസ്മയത്തിനാണെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |