
മാന്നാർ: കനത്തചൂടിൽ നാട് എരിയുമ്പോൾ വീടിനുള്ളിൽ പോലും ഇരിക്കാൻ കഴിയാതെ നെട്ടോട്ടമോടുകയാണ് മാന്നാറിലെ ജനങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ മുന്നറിയിപ്പില്ലാത വൈദ്യുതി മുടങ്ങിയതോടെയാണ് മാന്നാർ നിവാസികൾ കനത്ത ചൂടിൽ വെന്തുരുകിയത്. ചൊവ്വാഴ്ച പകൽ ഇടതടവില്ലാതെ വന്നും പോയുമിരുന്ന വൈദ്യുതി ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ നിലച്ചിട്ട് രാവിലെ ഏഴു മണിക്കാണ് പുനഃസ്ഥാപിച്ചത്. വീണ്ടും പകൽ സമയങ്ങളിൽ പലവട്ടങ്ങളിൽ വൈദ്യുതി മുടങ്ങി.
മാന്നാറിലും പരിസര പ്രദേശങ്ങളിലും മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി മുടങ്ങി ജനങ്ങൾ ദുരിതത്തിലായതോടെ ബി.ജെ.പി മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ 4ന് പ്രതിഷേധവുമായി മാന്നാർ കെ.എസ്.ഇ.ബി ഓഫീസിലെത്തി. ഗ്രാമപഞ്ചായത്തംഗം കെ.എം ശിവകുമാറിന്റെ നേതൃത്വത്തിൽ ബി.ജെ.പി മാന്നാർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ആര്യദേവ് മാന്നാർ, സജീഷ് തെക്കേടം, രമേശ് എം എം എന്നിവരാണ് പുലർച്ചെ പ്രതിഷേധവുമായെത്തിയത്.
വെന്തുരുകി ജനം
കഴിഞ്ഞ ഒരാഴ്ച അറ്റകുറ്റപ്പണിയുടെ പേരിൽ വിവിധ ട്രാൻസ്ഫോറുകളുടെ കീഴിലായി മുന്നറിയിപ്പോടെയുള്ള വൈദ്യുതി മുടക്കമുണ്ടായിരുന്നു
അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒരു മുന്നറിയിപ്പുമില്ലാതെ എല്ലാ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയത്
വൈദ്യുതി ഓഫീസിലേക്ക് വിളിക്കുമ്പോൾ ഫോൺ പതിവായി എൻഗേജ്ഡ് ടോണിലായിരിക്കുമെന്ന് നാട്ടുകാരുടെ പരാതി
33 കെ.വി സബ്സ്റ്റേഷനിൽ നിന്നുള്ള സപ്ലൈ ലഭ്യമല്ലാത്തതാണ് വൈദ്യുതി തടസത്തിന് കാരണം
- കെ.എസ്.ഇ.ബി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |