കൊച്ചി: തൃപ്പൂണിത്തുറയിൽ സി.പി.എം, കോൺഗ്രസ്, എൻ.ഡി.എ കക്ഷികളുടെ ജീവന്മരണ പോരാട്ടം രണ്ടാം ഘട്ടത്തിലേക്ക്. ഇടതുകോട്ടയായിരുന്ന തൃപ്പൂണിത്തുറയെ അങ്കമാലിക്കാരനായ കോൺഗ്രസുകാരൻ കെ. ബാബു കാൽനൂറ്റാണ്ട് കൈയിലൊതുക്കിയ മണ്ഡലത്തെ വീണ്ടും സ്വന്തമാക്കാനാണ് സി.പി.എമ്മിന്റെ പോരാട്ടം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് കെ. ബാബു പിന്മാറിയതാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ. പകരമെത്തിയ കൊച്ചി ഡെപ്യൂട്ടി മേയർ ദീപക് ജോയി ബാബുവിന്റെ നോമിനിയാണ്. അതുകൊണ്ട് ബാബുവിന്റെ വിജയതന്ത്രങ്ങൾ ദീപക്കിനും ഉപകാരപ്പെടും. കക്ഷിരാഷ്ട്രീയഭേദമെന്യേ മണ്ഡലത്തിലെ ബാബുവിന്റെ സ്വാധീനം നിസാരമല്ല. എറണാകുളം നഗരത്തിലെ അയ്യപ്പൻകാവ് സ്വദേശിയായ ദീപക് അതിനാൽ സധൈര്യമാണ് രംഗത്ത്.
വൈപ്പിൻ ഫലം ആവർത്തിക്കാൻ ഉണ്ണിക്കൃഷ്ണൻ
വൈപ്പിനിലെ സിറ്റിംഗ് എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണനെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുമ്പേ കളത്തിലിറക്കിയാണ് ഇടതുപോരാട്ടം. പ്രചാരണരംഗത്തെ മേൽക്കൈ അദ്ദേഹത്തിന് തന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈപ്പിനിലും കെ.എൻ. ഉണ്ണിക്കൃഷ്ണനും ദീപക് ജോയിയും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഇരുവരും ഈഴവസമുദായാംഗങ്ങളായതിനാൽ മണ്ഡലത്തിലെ പ്രബലരായ സമുദായാംഗങ്ങളുടെ പിന്തുണയിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നു.
എൻ.ഡി.എയിലെ പുതുമുഖമായ ട്വന്റി 20യുടെ സ്ഥാനാർത്ഥി അഞ്ജലി നായരുടെ പ്രചാരണവും ആദ്യഘട്ടത്തിലെ മന്ദതയ്ക്ക് ശേഷം ഉഷാറിലാണ്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ തൃപ്പൂണിത്തുറയിൽ ആദ്യമായി മുനിസിപ്പൽ ഭരണം പിടിച്ചശേഷമുള്ള തിരഞ്ഞെടുപ്പായതിനാൽ പാർട്ടി സ്ഥാനാർത്ഥിയെ ആവേശത്തോടെ കാത്തിരുന്ന അണികളിലെ നിരാശ പരിഹരിക്കലായിരുന്നു അഞ്ജലിയുടെ ആദ്യദൗത്യം. സിനിമാതാരമായ അഞ്ജലി കന്നിമത്സരത്തിന്റെ പരിചയക്കുറവൊന്നും പ്രത്യക്ഷത്തിൽ കാണിക്കുന്നില്ല.
1991ൽ കെ. ബാബുവിന്റെ രംഗപ്രവേശത്തോടെയാണ് ഇടതുപക്ഷത്തിന്റെ അപ്രമാദിത്തം തൃപ്പൂണിത്തുറയിൽ അസ്തമിച്ചത്. 25 വർഷം ബാബു രാജകീയമായി വാണിരുന്ന മണ്ഡലത്തെ 2016ൽ എം. സ്വരാജിലൂടെ സി.പി.എമ്മിന് തിരിച്ചുപിടിക്കാനായെങ്കിലും 2021ൽ നിലനിറുത്താനായില്ല. ബാബുവിന്റെ അസാന്നിദ്ധ്യം മുതലെടുക്കാനുള്ള തത്രപ്പാടിലാണ് സി.പി.എം.
സ്ഥാനാർത്ഥികൾ
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : സി.പി.എം
ദീപക് ജോയ് : കോൺഗ്രസ്
അഞ്ജലി നായർ : ട്വന്റി 20
തോമസ് പോൾ : എ.എ.പി
വോട്ടുനില 2021
സ്ഥാനാർത്ഥി | ലഭിച്ച വോട്ട് | ശതമാനം
കെ. ബാബു | 65,875 | 42.4
അഡ്വ.എം. സ്വരാജ് | 64,883 | 41.8
ഡോ.കെ.എസ്. രാധാകൃഷ്ണൻ | 23,756 | 15.3
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |