SignIn
Kerala Kaumudi Online
Saturday, 25 April 2026 4.17 AM IST

എടയാറിൽ ബോയിലർ പൊട്ടിത്തെറിച്ച് മരിച്ച  തൊഴിലാളിയുടെ മൃതദേഹവുമായി റോഡ് ഉപരോധം

Increase Font Size Decrease Font Size Print Page
road

ആലുവ: എടയാർ വ്യവസായ മേഖലയിൽ കരിഓയിൽ സംസ്കരണ സ്ഥാപനമായ സി.ജി ലൂബ്രിക്കന്റ്സിൽ ബോയിലർ പൊട്ടിത്തെറിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പ് ലഭിക്കാത്തതിനെ തുടർന്ന് മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു.

ബിഹാർ ദർബംഗ സ്വദേശി ശത്രുഘ്നൻ മുഖ്യ (42) യാണ് വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്നലെ രാവിലെ കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം 12 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മരണാനന്തര കർമ്മങ്ങൾക്ക് ശേഷം രണ്ടരയോടെ എടയാർ പൊതുശ്മശാനത്തിൽ സംസ്കരിക്കാനാണ് കുടുംബം നിശ്ചയിച്ചിരുന്നത്. എന്നാൽ ആലുവ കയന്റിക്കര സ്വദേശിയായ കമ്പനി ഉടമ ആന്റോ ആശുപത്രിയിലോ മരിച്ചയാളുടെ വീട്ടിലോ എത്താൻ കൂട്ടാക്കിയില്ല. മകൻ സ്റ്റീഫനും ജീവനക്കാരും മാത്രമാണെത്തിയത്. ഇവരാകട്ടെ മതിയായ നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പും നൽകിയില്ല.

അതിഥി തൊഴിലാളിയായതിനാൽ ജില്ലാ ഭരണകൂടം മുഖേന ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി ചർച്ച നടത്തിയപ്പോൾ അഞ്ച് ലക്ഷം രൂപയും മരിച്ചയാളുടെ ഭാര്യക്ക് ജോലിയും നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് അംഗീകരിക്കാൻ വീട്ടുകാരും നാട്ടുകാരും തയ്യാറായില്ല. ഇതിനിടയിൽ ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലെത്തിച്ചു. ഇവിടെ വച്ച് പലവട്ടം നടത്തിയ ചർച്ചകൾക്ക് ശേഷം 10 ലക്ഷം രൂപയും ഭാര്യക്ക് ജോലിയും മക്കളുടെ പഠനാവശ്യത്തിനുള്ള ചെലവും നൽകാമെന്നായി. എന്നാൽ 30 വർഷത്തോളം സർവീസുള്ള ജീവനക്കാരനായതിനാൽ 30 ലക്ഷം രൂപ നൽകണമെന്നാണ് വീട്ടുകാരും നാട്ടുകാരും ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാൻ കമ്പനിയുടെ പ്രതിനിധികൾ വിസമ്മതിച്ചതിനെ തുടർന്ന് 6.15ഓടെയാണ് എടയാർ കവലയിലേക്ക് മൃതദേഹം എത്തിച്ച് റോഡ് ഉപരോധം തുടങ്ങിയത്. കോൺഗ്രസിന്റെയും എൻ.ഡി.എയുടെയും നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിന് പിന്തുണയുമായെത്തി. ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ പൊലീസും പറവൂരിൽ നിന്ന് ഡെപ്യൂട്ടി തഹസിൽദാരുമെത്തി ചർച്ച നടത്തി.

അതേസമയം കമ്പനിയുടെ ഉടമ ഉറപ്പ് പാലിക്കാത്തയാളാണെന്നും ആക്ഷേപമുയരുന്നുണ്ട്. നേരത്തെ കമ്പനിയിൽ ജോലിക്കിടെ ആസിഡ് മുഖത്ത് തെറിച്ച് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റപ്പോഴും മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റ് കാൽ മുറിക്കേണ്ടി വന്നപ്പോഴും ഉടമ നൽകിയ നഷ്ടപരിഹാര ഉറപ്പ് പാലിച്ചില്ലെന്നാണ് ആക്ഷേപം. ഇതേത്തുടർന്ന് ഈ തൊഴിലാളികളുടെ കുടുംബങ്ങളും റോഡ് ഉപരോധത്തിൽ പങ്കെടുക്കുന്നുണ്ട്.

പൊട്ടിത്തെറിച്ച ബോയിലറിന് തകരാറുകളുണ്ടെന്ന് പലവട്ടം തൊഴിലാളികൾ ഉടമയെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

TAGS: LOCAL NEWS, ERNAKULAM, ACCIDENT DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.